കേരളത്തെ മാതൃകയാക്കണമെന്ന് ഒഡീഷ സംഘം

Posted on: December 4, 2014 11:06 am | Last updated: December 4, 2014 at 11:06 am

പാലക്കാട്: നികുതി പിരിവ്, ആശുപത്രികള്‍, കുടുംബശ്രീ പ്രവര്‍ത്തനം, വനിതാ ശാക്തീകരണം എല്ലാം കേരളത്തെ കണ്ടു പഠിക്കണം ഇത് കേരളം സന്ദര്‍ശിക്കാനെത്തിയ ഒഡീഷ സംഘത്തിന്റെ വാക്കുകള്‍.
പാവപ്പെട്ട ദളിത് യുവതികളുടെ വിവാഹത്തിനു അമ്പതിനായിരം രൂപ ധനസഹായം നല്‍കുന്നു എന്നറിഞ്ഞപ്പോള്‍ അവര്‍ക്കു അത്ഭുതം. നിങ്ങളുടെ പഞ്ചായത്ത് ഓഫീസും കെട്ടിടങ്ങളും മറ്റും വളരെ മനോഹരമാണ് .ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ കെട്ടിടങ്ങള്‍ ഇല്ല . ഓരോ പഞ്ചായത്തിനു കീഴിലും ഒരു പ്രാഥമികാരോഗ്യ കേന്ദ്രം ഒരു ആയുര്‍വേദ ഡിസ്‌പെന്‍സറി, ഒരു ഹോമിയോ ഡിസ്‌പെന്‍സറി, ഒരു മൃഗാശുപത്രി എന്നിവ ഉണ്ടെന്നറിഞ്ഞപ്പോഴും അവര്‍ക്ക് അത്ഭുതം അടക്കാന്‍ കഴിയാതെയായി.
ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പാലിയെറ്റിവ് സെന്ററുകള്‍ വരെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആരോഗ്യ മേഖല ഏറെ ദൂരം മുന്നിലെന്നാണ് ഒഡീഷ ജനപ്രതിനിധികളുടെ വിലയിരുത്തല്‍. കേരളത്തിലെ ജനങ്ങള്‍ അവരുടെ നികുതികള്‍ കൃത്യമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എത്തിക്കുന്നതും കുടുംബശ്രീ പ്രവര്‍ത്തനങ്ങളും അതിലൂടെയുള ദാരിദ്ര നിര്‍മാര്‍ജനവും സ്ത്രീ ശാക്തീകരണവും എല്ലാം കേരളത്തെ മാതൃകയാക്കണം എന്നാണു സുന്ദര്‍ഗാര്‍ഹ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിത്രുസുഡ് ടോപ്പോ പറഞ്ഞത്. ഒഡീഷയില്‍ നിന്ന് കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനം, കുടുംബശ്രീ പ്രവര്‍ത്തനം എന്നിവയെ കുറിച്ച് പഠിക്കാന്‍ പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ എത്തിയ പതിനാറംഗ സംഘത്തിന്റെ തലവന്‍ ആണ് പിത്രുസുഡ് ടോപ്പോ.
സുന്ദര്‍ഗാര്‍ഹ് ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ജില്ല പഞ്ചായത്ത് പ്രതിനിധികള്‍, സി ഡി എസ് ചെയര്‍ പെഴ്‌സണ്‍മാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് . ഒഡീഷയിലെ 8 ഗോത്രവര്‍ഗ ജില്ലകളിലെ ജില്ല, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത്അംഗങ്ങളും അടങ്ങുന്ന സംഘം കഴിഞ്ഞദിവസം പാലക്കാട് ജില്ല പഞ്ചായത്ത് സന്ദര്‍ശിച്ചിരുന്നു. അതിലെ 16 പേരാണ് ഇന്ന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെത്തിയത്.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സവിതയുടെ നേതൃത്വത്തില്‍ സംഘത്തിന് സ്വീകരണം നല്‍കി. പഞ്ചായത്ത് സെക്രട്ടറി സത്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രാജിക, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ശോഭഎന്നിവര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍,ഭരണതലം, വിഭവസമാഹരണം, ഗ്രാമസഭകളുടെ പ്രവര്‍ത്തനം, സ്ഥിരം സമിതികളുടെ പ്രവര്‍ത്തനം തുടങ്ങിയവ മനസിലാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്ണ്‍മാര്‍ എന്നിവരുമായും സംഘം ചര്‍ച്ച നടത്തി. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും അങ്കണവാടികള്‍ എന്നിവയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കൃഷി ഓഫീസുകള്‍, മൃഗാശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവ സന്ദര്‍ശിച്ച ശേഷമാണ് ജില്ലയിലെ പര്യടനം സമാപിച്ചത്.