ട്രാക്കില്‍ കൗമാരക്കുതിപ്പ്

Posted on: December 4, 2014 10:27 am | Last updated: December 4, 2014 at 10:27 am

കോട്ടക്കല്‍: പ്രതിഷേധങ്ങളെ തുടര്‍ന്ന് മൂന്നുതവണ മാറ്റിവെച്ച ജില്ലാ സ്‌കൂള്‍ കായികമേളക്ക് കോഴിച്ചന എം എസ് പി ക്യാമ്പില്‍ ഇന്നലെ തുടക്കമായപ്പോള്‍ 126 പോയിന്റുമായി ഐഡിയല്‍ കടകശ്ശേരി മുന്നില്‍. 14 സ്വര്‍ണ്ണം, 16 വെള്ളി , എട്ട് വെങ്കലം എന്നിങ്ങനെ നേടി.
57 പോയിന്റുമായി തിരുനാവായ നവമുകുന്ദ എച്ച്.എസ്.എസ് ആണ് തൊട്ടുപിറകില്‍. 9 സ്വര്‍ണ്ണം, മൂന്നുവീതം വെള്ളി, വെങ്കല മെഡലുകളാണ് നേടിയത്. വളയംകുളം എം. വി എം ആര്‍ എച്ച് എസ് എസ് 28 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. 61 ഇനങ്ങളില്‍ ഫൈനല്‍ അടക്കമുള്ളവയാണ് ഇന്നലെ കഴിഞ്ഞത്. 168 പോയിന്റുമായി എടപ്പാള്‍ സബ് ജില്ലയാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍. 18 സ്വര്‍ണ്ണം, 22 വെള്ളി, 12 വെങ്കലം എവ്വിവ നേടി 168 പോയിന്റാണ് വാരിക്കൂട്ടിയത്. 80 പോയിന്റുമായി തിരൂരാണ് തൊട്ടുപിറകില്‍. 19 മെഡലുകളാണ് തിരൂരിന് ലഭിച്ചത്.
12 മെഡലുകള്‍ നേടി 80 പോയിന്റുമായി കിഴിശ്ശേരി മൂന്നാംസ്ഥാനത്തുണ്ട്. 17 സബ് ജില്ലകളില്‍ നിന്നായി 55 സ്‌കൂളുകളിലെ കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 135 മത്സരങ്ങളാണ് കായികമേളയില്‍ അരങ്ങേറുന്നത്. കായികമേളയുടെ സമാപനദിവസമായ ഇന്ന് 57 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പ്രതിഷേധങ്ങള്‍ക്കിടെ മൂന്നുതവണകളായി നടന്ന കായികമേളയില്‍ നേരത്തെ 11 ഇനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.