വടകര താലൂക്കില്‍ ചക്രസ്തംഭന സമരം

Posted on: December 4, 2014 9:14 am | Last updated: December 4, 2014 at 9:14 am

വടകര: പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 9, 10 തീയതികളില്‍ ചക്രസ്തംഭന സമരം നടത്താന്‍ ബസുടമകളുടെയും സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയന്റെയും യോഗം തീരുമാനിച്ചു.
വടകര താലൂക്കിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകള്‍ ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രക്ഷോഭം. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കാതെ സമരത്തെ സഹായിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.
താലൂക്കിന് പുറത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ താലൂക്ക് അതിര്‍ത്തിയില്‍ നിന്ന് തിരിച്ചുപോകണം. യോഗത്തില്‍ കെ പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം സതീശന്‍, അഡ്വ. ഇ നാരായണന്‍, മടപ്പള്ളി മോഹനന്‍, എരഞ്ഞിക്കല്‍ രവീന്ദ്രന്‍, മീനത്ത് മൊയ്തു, കെ പ്രകാശന്‍, വിനോദ് ചെറിയത്ത്, പി ആര്‍ രമേശ്, പി കെ പവിത്രന്‍, ഇ കൃഷ്ണന്‍, വി കെ പ്രകാശന്‍ പ്രസംഗിച്ചു. സമരസമിതി ചെയര്‍മാനായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേന്‍ പ്രസിഡന്റ് കെ കെ ഗോപാലന്‍ നമ്പ്യാരെയും ജനറല്‍ കണ്‍വീനറായി കെ പി രാമചന്ദ്രനെയും തിരഞ്ഞെടുത്തു.
അതേസമയം, സമരത്തിനെതിരെ ഐ എന്‍ ടി യു സിയിലെ ഒരു വിഭാഗം രംഗത്തെത്തി. പൊതുസമൂഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചക്രസ്തംഭന സമരത്തില്‍ നിന്ന് പിന്മാറാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കെ എല്‍ എ അമീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐ എന്‍ ടി യു സിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. മതോംകണ്ടി അശോകന്‍, അഡ്വ. കെ രഘുനാഥ്, റോബിന്‍ ജോസഫ്, ടി എം അമ്മത്, സി പി ഹമീദ് പ്രസംഗിച്ചു.