Connect with us

Kerala

ഹാരിസണില്‍ നിന്ന് ഏറ്റെടുത്ത ഭൂമി ഭൂരഹിതകേരളം പദ്ധതിക്ക്: റവന്യൂ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്റേഷന്‍ കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഭൂരഹിതകേരളം പദ്ധതിയില്‍ ഭൂമി നല്‍കുന്നതിന് ഉപയോഗിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. ഹാരിസണ്‍ കൈവശപ്പെടുത്തിയ നാല് ജില്ലകളിലെ 29,185 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള സ്ഥലങ്ങളും പരിശോധിച്ച് ഏറ്റെടുക്കുമെുന്നും മന്ത്രി പറഞ്ഞു.
ഇതുവരെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ പരിശോധന പൂര്‍ത്തിയാക്കി 29,185 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചു. ഇതില്‍ 8147 ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളം പലര്‍ക്കായി വില്‍പ്പന നടത്തിയതായി കണ്ടെത്തിയിരുന്നു. കൊല്ലം ജില്ലയില്‍ 2,700 ഏക്കര്‍ കൈമാറിയതില്‍ 707 ഏക്കറിന് യാതൊരു രേഖയുമില്ലാതെയാണ് കൈമാറ്റം നടന്നിരിക്കുന്നത്. ഇടുക്കിയില്‍ 1,665 ഏക്കര്‍ കൈമാറിയതില്‍ 606 ഏക്കറും രേഖകളില്ലാതെ കൈമാറ്റം നടത്തി. കോട്ടയം ജില്ലയില്‍ 2,263 ഏക്കര്‍ കൈമാറിയിട്ടുണ്ട്. വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളിലായി ഇനി 33,000 ഏക്കറോളം ഭൂമി പരിശോധനക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. കമ്പനിയിലെ ജീവനക്കാരുടെ തൊഴില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
ഭൂമി ഏറ്റെടുക്കല്‍ തടയുന്നതിനായി ജീവനക്കാരെ മുന്നില്‍ നിര്‍ത്തി തൊഴില്‍ നഷ്ടപ്പെടുമെന്ന വ്യാജേന ഹാരിസണ്‍ മലയാളം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിനെതിരെ ഹാരിസണ്‍ മലയാളം പത്രപരസ്യം നല്‍കിയത് ഹൈക്കോടതി നിര്‍ദേശങ്ങളുടെ ലംഘനമാണ്. വ്യാജരേഖ ചമച്ചതിന് ഹാരിസണ്‍ പ്രസിഡന്റ് വിജയരാഘവന്‍, മുന്‍ ഡയറക്ടര്‍ ധര്‍മരാജ്, വൈസ് പ്രസിഡന്റ് വി വേണുഗോപാല്‍, രവി ആനന്ദ് എിവര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നു. ഇത് ആഭ്യന്തര വകുപ്പിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ ഇടപെടരുതെന്ന കോടതി നിര്‍ദേശം ലംഘിച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം വൈസ് പ്രസിഡന്റായ വി വേണുഗോപാലിന്റെ പേരില്‍ കഴിഞ്ഞ ദിവസം പത്രപരസ്യം നല്‍കിയത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളെല്ലാം നിയമാനുസൃതം നോട്ടീസ് നല്‍കിയാണ് സ്വീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.