ഇസ്‌റാഈല്‍ പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ എം പിമാരുടെ അനുകൂല വോട്ട്

Posted on: December 4, 2014 4:14 am | Last updated: December 3, 2014 at 10:16 pm

israelജറൂസലം : പാര്‍ലിമെന്റ് പിരിച്ചുവിടുന്നതിന് അനുകൂലമായി ഇസ്‌റാഈല്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ വോട്ടുചെയ്തു. തന്റെ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹു മന്ത്രിസഭയിലെ രണ്ട് സുപ്രധാന മന്ത്രിമാരെ പുറത്താക്കിയതിന് തൊട്ടടുത്ത ദിവസമാണ് തിരഞ്ഞെടുപ്പിന് നേരത്തെ കളമൊരുങ്ങും വിധം വോട്ടെടുപ്പ് നടന്നത്. 2013 ല്‍ ആദ്യം അധികാരത്തിലേറിയ സര്‍ക്കാര്‍ രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിഭിന്ന സ്വരങ്ങള്‍ കേള്‍പ്പിച്ചുവരികയായിരുന്നു. 120 അംഗങ്ങളാണ് പാര്‍ലിമെന്റിലുള്ളത്. വോട്ടെടുപ്പ് ഫലം 84-0 എന്ന നിലയിലാണ് . ഒരംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കൂടുതല്‍ വോട്ടെടുപ്പുകള്‍ അടുത്ത ആഴ്ച നടക്കുന്നതോടെ പാര്‍ലിമെന്റ് ഔദ്യോഗികമായി പിരിച്ചുവിടുകയും അത് പുതിയ തിരഞ്ഞെടുപ്പിന് മുന്നോടിയാകുകയും ചെയ്യും. പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ അനുകൂലമായ വോട്ടുകള്‍ ലഭിച്ചാല്‍ രാജ്യ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞകാലം നിലനിന്ന പാര്‍ലിമെന്റാകും ഇത്. ചൊവ്വാഴ്ചയാണ് ധനമന്ത്രി യാഇര്‍ ലാപിഡ്, നീതിന്യായ വകുപ്പ് മന്ത്രി ടിസിപി ലിവിന്‍ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി നെതന്യാഹു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തത്. ഫലസ്തീനുമായി സംഘര്‍ഷം വര്‍ധിക്കുന്നതിനിടെയാണ് പുതിയ തിരഞ്ഞെടുപ്പ്.