ഉപതിരഞ്ഞെടുപ്പ്: പടുപ്പും പേരാലും യു ഡി എഫിന്‌

Posted on: December 4, 2014 12:12 am | Last updated: December 3, 2014 at 10:15 pm

കാസര്‍കോട്: ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിളക്കമാര്‍ന്ന വിജയം.
കുമ്പള പഞ്ചായത്തിലെ പേരാലില്‍ ലീഗ് സ്ഥാനാര്‍ഥി മറിയ മൂസ 188 വോട്ടുകള്‍ക്കാണ് വിജയിച്ചത്. നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റംല പാര്‍ട്ടിയുമായുണ്ടായ അഭിപ്രായവിത്യാസത്തെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചിരുന്നു. ആ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി റംല മത്സരരംഗത്തുണ്ടായിരുന്നത് യു ഡി എഫിന് തലവേദനയാകുമെന്ന് കരുതിയെങ്കിലും കഴിഞ്ഞ പ്രാവശ്യം 19 വോട്ടിന് വിജയിച്ച യു ഡി എഫ് 188 വോട്ടിന്റെ ഭൂരിപക്ഷംനേടി ആധികാരികജയം സ്വന്തമാക്കുകയായിരുന്നു. റംല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മറിയ മൂസ 468 വോട്ടുകള്‍നേടിയപ്പോള്‍ സി പി എമ്മിലെ എം ശാലിനി 288 വോട്ടുകളും റംല 200 വോട്ടുകളും ബി ജെ പിയിലെ ശൈനി 35 വോട്ടുകളുമാണ് നേടിയത്.
കുറ്റിക്കോല്‍ പഞ്ചായത്തിലെ പടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ബലരാമന്‍ നമ്പ്യാര്‍ 223 വോട്ടിനാണ് വിജയിച്ചത്. സി പി എമ്മിലെ കെ എന്‍ രാജനെയാണ് തോല്‍പിച്ചത്. ബലരാമന്‍ നമ്പ്യാര്‍ക്ക് 533 വോട്ടും കെ എന്‍ രാജന്‍ 310 വോട്ടും മെമ്പര്‍ സ്ഥാനം രാജിവെച്ച് മത്സരിച്ച സജു അഗസ്റ്റിന് 282 വോട്ടും ബി ജെ പിയിലെ പി ചന്ദ്രന് 117 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ സി പി എമ്മിലെ സജു അഗസ്റ്റിന്‍ 81 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.