Connect with us

Wayanad

ഊരുത്സവം രണ്ടാം ഘട്ടം പടിഞ്ഞാറത്തറയില്‍ നാളെ തുടങ്ങും

Published

|

Last Updated

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷനും പട്ടിക വര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായി പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയായ “ഊരുത്സവം രണ്ടാം ഘട്ടം” ത്തിന് പടിഞ്ഞാറത്തറ കൂവലത്തോട് കോളനിയില്‍ നാളെ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും
വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൊണ്ട് സേവനങ്ങളും ആനുകൂല്യങ്ങളും വികസനവും നേരിട്ട് കോളനികളില്‍ എത്തിയെന്ന് ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തിന് തന്നെ മാതൃകയെന്നോണമാണ് ഈ പ്രത്യേക പദ്ധതി കുടുംബശ്രീയും ഗ്രാമപഞ്ചായത്തും ഏറ്റെടുത്ത് ജില്ലയില്‍ നടപ്പിലാക്കി വരുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സി.ഡി.എസ്സും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക പദ്ധതിയാണിത്. വിവിധ വകുപ്പുകള്‍ വിവിധ സമയങ്ങളില്‍ വിവിധ പദ്ധതികള്‍ കോളനികള്‍ കേന്ദ്രീകരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നു. ഇവ പഞ്ചായത്ത് – വാര്‍ഡ് – കോളനി തലത്തില്‍ ഏകോപിപ്പിക്കുന്നതോടൊപ്പം ജനകീയ ശ്രദ്ധയും ആശ്വാസവും, സഹായവും പിന്തുണയും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതികള്‍ കോളനികളില്‍ നടപ്പിലാക്കുക. പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനറും, വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും, എ.ഡി.എസ്. പ്രസിഡന്റ് കണ്‍വീനറുമായ കമ്മിറ്റിയാണ് ഊരുത്സവ പദ്ധതികള്‍ക്കും, പരിപാടികള്‍ക്കും നേതൃത്വം നല്‍കുക.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഊരുകളിലെത്തി ആശ്വാസവും, പിന്തുണാ സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളിലെ പരിശീലകരും, ഊരുത്സവത്തോടനുബന്ധിച്ച് പരിശീലനം നേടിയവരും കോളനികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസ്സുകള്‍, കോളനി ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സുകള്‍, കൈവിളക്ക് – വായനശാലകള്‍, നിര്‍ഭയ, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കൂട്ടുകൃഷി രൂപീകരണം, അയല്‍ക്കൂട്ടം, ബാലസഭ, ജാഗ്രതാ സമിതി തുടങ്ങി വിവിധ പരിപാടികള്‍ ഊരുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
പരിശീലനം നേടിയ പ്രമോട്ടര്‍മാര്‍ ഓരോ പ്രദേശത്തെയും ഊരുകളിലെത്തി പദ്ധതിയുടെ ഭാഗമായി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഊരുത്സവത്തോടനുബന്ധിച്ച് പട്ടിക വര്‍ഗ്ഗ കോളനികളില്‍ അയല്‍ക്കുട്ടം, ബാലസഭ, ജാഗ്രതാ സമിതി, നിര്‍ഭയ രൂപീകരിക്കും. രജിസ്റ്റര്‍, പാസ്ബുക്കും മറ്റ് അനുബന്ധ രേഖകളും സൗജന്യമായി നല്‍കും. എസ്.ടി അയല്‍ക്കൂട്ടത്തിന് പ്രത്യേകം ആനിമേറ്റര്‍മാരെ നിയമിക്കും.

Latest