Connect with us

Malappuram

ജലനിധി പദ്ധതി വിഹിതം നല്‍കാന്‍ ഫണ്ടില്ല ചേലേമ്പ്ര പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍

Published

|

Last Updated

തേഞ്ഞിപ്പലം: സമയബന്ധിതമായി പദ്ധതി നിര്‍വഹണവും ധനവിനിയോഗവയും നടത്താതിനാല്‍ ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഗ്രാമ പഞ്ചായത്തിലെ 3054 ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമാകുന്ന ജലനിധി പദ്ധതി ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ജലനിധി പദ്ധതിക്കായി രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് നല്‍കേണ്ട 46 ലക്ഷം രൂപ പഞ്ചായത്ത് സ്‌കീം ലെവല്‍ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റാനാകാതെ വീര്‍പ്പുമുട്ടുന്നത്.
ടെണ്ടര്‍ വിളിക്കുന്നതിന് മുമ്പായി ഉപഭോകൃത കമ്മിറ്റിയുടെ വിഹിതവും ഗ്രാമപഞ്ചായത്ത് വിഹിതവും പഞ്ചായത്ത് സ്‌കീം ലെവല്‍ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റി അക്കൗണ്ടിന്റെ പകര്‍പ്പ് ജലനിധിക്ക് കൈമാറിയാല്‍ മാത്രമേ ടെണ്ടര്‍നല്‍കൂവെന്നായിരുന്നു നിര്‍വഹണ ചുമതലയുളള കേരള റൂറല്‍ വാട്ടര്‍ സപ്ലൈ സ്‌കീം ഏന്റ് സാനിറ്റേഷന്‍ ഏജന്‍സിയുടെ നിലപാട്. എന്നാല്‍ ടെണ്ടര്‍ കഴിഞ്ഞ മാസം 22 ന് ക്ഷണിച്ചെങ്കിലും ഗ്രാമപഞ്ചായത്തിന്റെ വിഹിതം നാളിത് വരെ കൈമാറാന്‍ കഴിഞ്ഞില്ല. അതേസമയം ഗ്രാമ പഞ്ചായത്തിന്റെ കയ്യിലുളള പണം അടുത്ത ദിവസം തന്നെ കൈമാറണമെന്ന് ജലനിധി ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വിഹിതം കൈമാറിയാല്‍ മാത്രമേ ജലനിധി സഹായ സംഘടനയായ കേരള റൂറല്‍ ഡവലപ്‌മെന്റ് സൊസൈററിയുടെ എന്‍ജിനീയര്‍ ഉള്‍പ്പെടെയുളള ജീവനക്കാര്‍ക്ക് ശമ്പളം ജലനിധി കൈമാറുകയുള്ളൂ.
പഞ്ചായത്തിന്റെ വിഹിതം കൈമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ എത്ര ദിവസം കൊണ്ട് ഫണ്ട് കൈമാറുമെന്ന വിവരവും പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വരെ പഞ്ചായത്ത് ആ വിവരവും ജലനിധിക്ക് കൈമാറിയിട്ടില്ല. എന്നാല്‍ ആവശ്യത്തിന് ഫണ്ട് ലഭിക്കണമെങ്കില്‍ പദ്ധതി നിര്‍വഹണം ത്വരിതഗതിയില്‍ ആക്കിയാലും ധനവിനിയോഗം സൂക്ഷമതയോടെ നിര്‍വഹിച്ചാല്‍ മാത്രമേ ഫണ്ട് ഗ്രാമപഞ്ചായത്തിന് കൈമാറുകയുളളുവെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റേയും ധനവകുപ്പിന്റേയും കര്‍ശന ഉപാധിയാണ് സാമ്പത്തിക പ്രതിസന്ധിക്ക് വിനയായത്.
ജനങ്ങള്‍ക്ക് സേവനം കൃത്യമായി ലഭിക്കാത്തതിനാല്‍ ജനപ്രതിഷേധം മുന്‍കൂട്ടി കണ്ട് ജീവനക്കാരുടെ സേവനം കുറ്റമറ്റതാക്കേണ്ടതിന് പകരം പഞ്ചായത്ത് വകുപ്പിനെ കുറ്റപ്പെടുത്തി റവന്യു വകുപ്പ് ഓഫീസിന് മുന്നില്‍ ഭരണസമിതി സത്യാഗ്രഹം നടത്തി ഉത്തരവാദിത്തല്‍ നിന്ന് ഒഴിഞ്ഞ് മാറിയെങ്കില്‍ വാര്‍ഷിക പദ്ധതി നടത്തിപ്പിലും ധനവിനിയോഗത്തലും അലംഭാവം കാട്ടി 10 ശതമാനത്തില്‍ താഴെ മാത്രം പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ എണ്ണപ്പെട്ട പഞ്ചായത്തുകളില്‍ ചേലേമ്പ്ര സ്ഥാനം പിടിച്ചതിന് ഏത് ഓഫീസിന് മുന്നിലാണ് ജനകീയ വികസന മുന്നണിയുടെ ഭരണസമിതി സമരം നടത്തുകയെന്നും വ്യക്തമാക്കണമെന്നും ചേലേമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് അമ്പായത്തിങ്ങല്‍ അബൂബക്കറും സെക്രട്ടറി കെ പി അമീറും ആവശ്യപ്പെട്ടു.
ജലനിധിക്ക് ഫണ്ട് കൈമാറിയാല്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നടപ്പിലാക്കുന്ന ഐ എ വൈ ഭവന പദ്ധതിക്ക് പഞ്ചായത്തിന്റെ വിഹിതം കൈമാറാന്‍ ഫണ്ട് തികയാതെ വരുമെന്നും ജലനിധി വിഹിതം വൈകാതെ അടക്കാമെന്ന കത്ത് ജലനിധിക്ക് ഉടന്‍ കൈമാറുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സുഹറ സിറാജിനോട് പറഞ്ഞു.

Latest