Connect with us

Malappuram

വീടിന്റെ അടുക്കളയോട് ചേര്‍ന്ന് അങ്കണ്‍വാടി: പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നു

Published

|

Last Updated

പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ 21, 22 വാര്‍ഡുകളില്‍ സ്ഥിതി ചെയ്യുന്ന പറക്കുന്ന് അങ്കണ്‍വാടിയുടെ സ്ഥിതിയാണിത്. രണ്ട് വര്‍ഷമായി ഈ അങ്കണ്‍വാടി സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള അടുക്കളയിലാണ് പ്രവര്‍ത്തിക്കുന്നത്.
കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതും ഇവിടെ തന്നെ. രണ്ട് വര്‍ഷം മുമ്പ് കട വരാന്തയില്‍ നിന്നും ഇവരെ കുടിയിറക്കപ്പെട്ടപ്പോള്‍ നാട്ടുകാരനായ ചീരക്കാട്ടില്‍ അബ്ദുല്‍നാസറാണ് തന്റെ വീടിന്റെ പുറത്തെ അടുക്കള ഭാഗം അങ്കണ്‍വാടിക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായത്. ഈ സന്മനസ്സുകൊണ്ടാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് എട്ട് ലക്ഷം രൂപ ചെലവില്‍ എല്ലാ സൗകര്യങ്ങളോടും കൂടി ഇവിടെ ഒരു അങ്കണ്‍വാടി പണികഴിപ്പിച്ച് ഉദ്ഘാടനം കാത്തുകിടക്കുമെന്നും എന്നാല്‍ ഒരു ചെറിയ വഴി പ്രശ്‌നം പറഞ്ഞ് ഉദ്ഘാടനം ഇല്ലാതെ വഴിമുട്ടി കിടക്കുന്നു. പഞ്ചായത്തില്‍ രക്ഷിതാക്കളും നാട്ടുകാരും നിരവധി തവണ പരാതി പറഞ്ഞു. വാര്‍ഡ് മെമ്പര്‍ കൂടിയായ പ്രസിഡന്റാകട്ടെ ഇതൊന്നും കേട്ട മട്ടില്ലതാനും. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്.
രണ്ട് വാര്‍ഡുകളില്‍ നിന്ന് ഏകദേശം 25ഓളം കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു. പല രക്ഷിതാക്കള്‍ പുകശല്യം പേടിച്ച് കുട്ടികളെ വിടുന്നുമില്ല. ഒരു ടീച്ചറും ഹെല്‍പ്പറും ഇവിടെ ജോലിക്കുണ്ട്. കഴിഞ്ഞ വര്‍ഷം വാര്‍ഷികാഘോഷവും ഉദ്ഘാടനവും നടത്താം എന്ന് പ്രസിഡന്റ് പറഞ്ഞെങ്കിലും അതും നടന്നില്ല. ഈ പുതിയ വര്‍ഷമെങ്കിലും പുക ശ്വസിക്കാതെ തങ്ങള്‍ക്കവകാശപ്പെട്ട പുത്തന്‍ അങ്കണ്‍വാടിയിലേക്ക് മാറാനാകുമോ എന്ന ചോദ്യമാണ് ഈ പിഞ്ചോമനകള്‍ അധികൃതരോട് ഉന്നയിക്കുന്നത്.

Latest