Connect with us

Ongoing News

ഫില്‍ ഹ്യൂസിന് വികാര നിര്‍ഭരമായ വിട

Published

|

Last Updated

സിഡ്‌നി: അകാല വിയോഗത്താല്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റിന് തീരാവേദനയേകിയ ഫിലിപ് ഹ്യൂസിന് കായിക ലോകം വിടനല്‍കി.. ജന്മദേശമായ മാക്‌സ്‌വില്ലെയില്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് ഹ്യൂസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ നടന്നു. അന്തിമോപചാരമര്‍പ്പിക്കാന്‍ അയ്യായിരത്തോളം പേര്‍ എത്തി.
ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് കുടുംബാംഗത്തെ പോലെ സംസ്‌കാര ചടങ്ങില്‍ നിറഞ്ഞുനിന്നു. അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ അദ്ദേഹം വിതുമ്പി. “എനിക്ക് നഷ്ടമായത് സഹോദരനെയാണെന്ന്” ക്ലാര്‍ക്ക് ട്വിറ്ററില്‍ ചെയ്ത പോസ്റ്റ് ഏറെ വൈകാരികമായിരുന്നു. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് രംഗത്തെ പ്രമുഖരും ടീം ഒഫിഷ്യലുകളും സഹതാരങ്ങളുമെല്ലാം മാക്‌സ്‌വില്ലെയിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രതിനിധാനം ചെയ്ത് ടീം ഡയറക്ടര്‍ രവിശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, കോച്ച് ഡങ്കന്‍ ഫ്‌ളെച്ചര്‍, മാനേജര്‍ അര്‍ഷദ് അയൂബ് എന്നിവര്‍ പങ്കെടുത്തു. ചാനല്‍ 9, സെവെന്‍ ടെന്‍, എ ബി സി ടിവി, സ്‌കൈ ന്യൂസ് ചാനലുകള്‍ സംസ്‌കാര ചടങ്ങ് തത്‌സമയം സംപ്രേഷണം ചെയ്തു.
മുന്‍ താരങ്ങളായ ഷെയിന്‍ വോണ്‍, മാര്‍ക് ടെയ്‌ലര്‍, റിച്ചാര്‍ഡ് ഹാഡ്‌ലി, റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ്റ്, സ്റ്റീവ് വോ, ഗ്ലെന്‍ മെഗ്രാത്ത്, ജസ്റ്റിന്‍ ലാംഗര്‍ എന്നിവര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

കഴിഞ്ഞ ചൊവ്വാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെ ന്യൂ സൗത്ത് വെയ്ല്‍സ് താരം സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സര്‍ ഫില്‍ ഹ്യൂസിന്റെ തലയില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. കളത്തില്‍ ബോധരഹിതനായി വീണ അദ്ദേഹം രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

Latest