ജന്‍ധന്‍യോജന പദ്ധതിയില്‍ അവ്യക്തതകളേറെ; ആശയക്കുഴപ്പവും

Posted on: December 3, 2014 12:25 am | Last updated: December 3, 2014 at 12:25 am

pradhan-mantri-jan-dhan-yojna-logoചെര്‍പ്പുളശ്ശേരി: പ്രധാനമന്ത്രിയുടെ ജന്‍ധന്‍യോജനയുടെ പേരില്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നതായി ആരോപണം. സുതാര്യമായും വിശാല താത്പര്യത്തോടെയും നടപ്പാക്കേണ്ട പദ്ധതിയെ കുറിച്ച് സാധാരണക്കാരില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.

ഏതെങ്കിലും ഒരു ദേശസാത്കൃത ബേങ്കില്‍ ആരംഭിക്കുന്ന അക്കൗണ്ടിലേക്ക് ഉടമക്ക് പണമെത്തുന്നതാണ് പദ്ധതി. സീറോ ബാലന്‍സില്‍ അക്കൗണ്ട് തുടങ്ങിയാല്‍ 5000 രൂപ ഉടന്‍ അക്കൗണ്ടില്‍ ലഭിക്കുമെന്നതും തുടര്‍ന്ന് അക്കൗണ്ട് എടുക്കുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടെന്നതും അപകടമരണം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയും സാധാരണമരണം സംഭവിച്ചാല്‍ 30,000 രൂപയും ലഭിക്കുമെന്നതുമാണ് ഇതിന്റെ പ്രത്യേകത. ഇത് നേടിക്കൊടുക്കാനെന്ന പേരില്‍ ചില ബേങ്കുകളില്‍ നിന്ന് നൂറുകണക്കിന് അപേക്ഷകള്‍ ഒന്നിച്ച് കൊണ്ടുപോയി വീട് കയറി അക്കൗണ്ട് എടുപ്പിച്ച് ഗുണഭോക്താക്കളുടെ എണ്ണം കൂട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. സാധാരണ അക്കൗണ്ട് തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അക്കൗണ്ട് മേളകള്‍ നടക്കുന്നത്. അപേക്ഷകളില്‍ ചേര്‍ക്കുന്ന ഒപ്പും വിരലടയാളങ്ങളും യഥാര്‍ഥമാണോ എന്ന് പോലും പരിശോധിക്കപ്പെടുന്നില്ല. പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഏറെയും പ്രായമേറിയവരാണെന്നും ഇതിന്റെ നിയമവശങ്ങളോ ഗുണദോഷങ്ങളോ ബോധ്യപ്പെടുത്താതെയാണ് പദ്ധതിയിലേക്ക് ആളുകളെ ചേര്‍ക്കുന്നതെന്നും പരാതിയുണ്ട്.
സീറോ ബാലന്‍സില്‍ തുടങ്ങുന്ന അക്കൗണ്ടില്‍ അയ്യായിരം രൂപ എത്തുന്നത് വായ്പയായാണെന്നും അത് പലിശ സഹിതം തിരിച്ചടയ്‌ക്കേണ്ടതാണെന്നും ബേങ്ക് അധികൃതര്‍ പറയുന്നു. ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത് മരണത്തിന് മാത്രമാണ്, മറ്റ് ആവശ്യങ്ങള്‍ക്കൊന്നും ഇന്‍ഷ്വറന്‍സ് ലഭിക്കുന്നില്ല. ഇക്കാര്യങ്ങള്‍ സാധാരണക്കാരായ ഗുണഭോക്താക്കള്‍ അറിയുന്നില്ല. ബേങ്കുകള്‍ക്ക് ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇരകളില്‍ നിന്ന് വായ്പയുടെ പലിശ ഈടാക്കാനുമല്ലാതെ ഈ പദ്ധതി കൊണ്ട് മറ്റൊരു ഗുണവുമില്ലെന്നതാണ് പ്രധാന വിമര്‍ശം. ഇതിന് വേണ്ടി തുടങ്ങുന്ന അക്കൗണ്ടി്ല്‍ പ്രതിമാസ നിക്ഷേപം 50,000 രൂപയില്‍ കവിയാന്‍ പാടില്ലെന്നും വാര്‍ഷിക നിക്ഷേപം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ലെന്നും എല്ലാമാസവും അക്കൗണ്ടില്‍ ഇടപാട് നടന്നിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പ്രതിമാസം നാല് തവണയിലധികം ഈ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ പാടില്ല. ഇതൊന്നുമറിയാത്ത സാധാരണക്കാരോട് സീറോ ബാലന്‍സില്‍ അക്കൗണ്ട് തുടങ്ങിയാല്‍ പ്രധാനമന്ത്രിയുടെ നിധിയില്‍ നിന്നും 5000 രൂപ ലഭിക്കുമെന്ന് മാത്രം പറഞ്ഞ് കബളിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
അതേസമയം, യഥാര്‍ഥ ഉപഭോക്താക്കള്‍ ബേങ്കില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സുതാര്യമായി നടപ്പാക്കേണ്ട പദ്ധതി ബേങ്ക് മാനേജര്‍മാരുടെ ഒത്താശയോടെ രാഷ്ട്രീയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നതായും ആക്ഷേപമുയരുന്നുണ്ട്. കവലകളില്‍ സ്റ്റാളിട്ടും പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചും വീട് കയറിയിറങ്ങിയും പദ്ധതിയില്‍ ആളെ ചേര്‍ക്കുന്നത് വ്യാപകമാണ്. ഇത്തരം ആളെ ചേര്‍ക്കലുമായി പദ്ധതിക്ക് ബന്ധമില്ലെന്നും അത്തരം പ്രചരണങ്ങള്‍ ശരിയല്ലെന്നും ആവശ്യമായ ബോധവത്കരണം നടത്തിയതിന് ശേഷമേ പദ്ധതിയില്‍ അംഗമാക്കുന്നുള്ളൂവെന്നുമാണ് പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ നല്‍കുന്ന വിശദീകരണം. ബേങ്കുകളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ കക്ഷിയല്ലെന്നും അവര്‍ പറയുന്നു.