‘കോഴ’ക്ക് വീര്യം കൂടി; അഞ്ചര മിനുട്ട് സസ്‌പെന്‍ഷന്‍

Posted on: December 3, 2014 12:11 am | Last updated: December 3, 2014 at 12:11 am

Niyamasabhaതിരുവനന്തപുരം: പഴകിയപ്പോഴാണ് ബാര്‍ കോഴക്ക് ലഹരി കൂടുന്നത്. കോടിയേരി ബാലകൃഷ്ണന്‍ മിക്‌സ് ചെയ്ത ബാറും കോഴയും ആദ്യ ദിവസം സേവിച്ചവരെല്ലാം പ്രതിപക്ഷനേതാവിനൊപ്പം ഇറങ്ങിപ്പോയപ്പോള്‍ ലഹരിയും പോയതാണ്. ഇന്നലെ സ്ഥിതി ഇതായിരുന്നില്ല. മിക്‌സിംഗ് നടത്തിയത് വി എസ് അച്യുതാനന്ദന്‍. വീര്യം കൂട്ടിക്കൊണ്ടിരുന്നത് കോടിയേരി ബാലകൃഷ്ണനും. ലഹരി പതഞ്ഞ് പൊങ്ങിയതോടെ സ്പീക്കറുടെ ഡയസില്‍ അംഗങ്ങള്‍ ആനന്ദനൃത്തം ചവിട്ടി. വി ശിവന്‍കുട്ടിയുടെ കാര്‍മികത്വത്തില്‍ അരങ്ങേറിയ ഈ ചവിട്ടുനാടകം സഭാസ്തംഭനത്തിലാണ് കലാശിച്ചത്. ഇതിലൂടെ അഞ്ചര മിനുട്ട് നീണ്ട സസ്‌പെന്‍ഷന്‍ സ്വന്തമാക്കി സഭാരേഖയില്‍ ശിവന്‍കുട്ടി പുതിയ റെക്കോര്‍ഡിട്ടു.
ആദ്യചോദ്യം തന്നെ സാമ്പത്തിക പ്രതിസന്ധി ആയിരുന്നതിനാല്‍ കാറും കോളും മൂടിക്കെട്ടിയ അന്തരീക്ഷത്തിലായിരുന്നു ചോദ്യോത്തര വേള. കോടി കോഴ വാങ്ങിയ മാണിയെ പുറത്താക്കണമെന്ന ബാനറുമായെത്തിയ പ്രതിപക്ഷം ഒന്നാംദിനത്തിലെ പിഴവ് നികത്താന്‍ ഉറപ്പിച്ച മട്ടിലായിരുന്നു. ഇരിപ്പിടത്തില്‍ ഇരിക്കാന്‍ യോഗ്യനല്ലാത്ത മന്ത്രിക്ക് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അവകാശമില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. ഇടക്കിടെ പൊട്ടലും ചീറ്റലും. ശൂന്യവേളക്കുള്ള ഇന്ധനം ചോദ്യോത്തര വേളയില്‍ തന്നെ പകര്‍ന്ന് കൊണ്ടിരുന്നു. പഞ്ചായത്ത് ലെവലിലേക്ക് നിയമസഭയിലെ കാര്യങ്ങള്‍ കൊണ്ടുപോകരുതെന്ന് ഓര്‍മിപ്പിക്കേണ്ടിവന്നു സഭ നിയന്ത്രിച്ച ഡെപ്യൂട്ടിസ്പീക്കര്‍ക്ക്. മാണിയുടെ മറുപടികളില്‍ പ്രത്യാക്രമണത്തിന്റെ ലാഞ്ചന കണ്ടതോടെ പ്രതിപക്ഷത്തിന് ഇരിപ്പുറച്ചതുമില്ല. നടുത്തളത്തിന് ആകര്‍ഷണ ശക്തിയുള്ളതു പോലെ ഇടക്കിടെ പ്രതിപക്ഷത്തെ അങ്ങോട്ട് വലിച്ച് കൊണ്ടിരുന്നു.
ഫണ്ട് അനുവദിക്കുന്നതിലെ പക്ഷപാതിത്വവും ആശാ വര്‍ക്കര്‍മാരുടെ ശമ്പളവും കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധിയും തുല്ല്യഅളവില്‍ ചേര്‍ത്ത് ശിവന്‍കുട്ടി ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ലാതെ വന്നതോടെ കേള്‍ക്കാത്തത് കൊണ്ടാകുമെന്ന് കരുതി വി എസ് അച്യുതാനന്ദന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പ്രതിരോധമൊരുക്കിയത് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍. ഒരിക്കല്‍ ചോദിച്ചത് ആവര്‍ത്തിക്കാനാകില്ലെന്നായിരുന്നു ശക്തന്റെ കല്‍പ്പന. മന്ത്രിമാര്‍ക്ക് സുരക്ഷാകവചമൊരുക്കി പദവിയെ ദുരുപയോഗപ്പെടുത്തരുതെന്ന് ശക്തനോട് വി എസ് അഭ്യര്‍ഥിച്ചു. വി എസിന്റെ സീനിയോറിറ്റിയിലോ അദ്ദേഹത്തോടുള്ള ബഹുമാനത്തിലോ തര്‍ക്കമില്ലെങ്കിലും ചട്ടം വിട്ടൊരു കളിക്കില്ലെന്നായിരുന്നു ശക്തന്റെ നിലപാട്.
ചോദ്യോത്തരവും അടിയന്തരപ്രമേയവും ഒരുവിധം അവസാനിപ്പിച്ച് ആദ്യസബ്മിഷനിലേക്ക് കടന്നതോടെയാണ് ലഹരി പതഞ്ഞത്. ബാര്‍ കോഴ വിഷയമാക്കുന്നത് ആവര്‍ത്തനത്തിന്റെ പട്ടികയില്‍ വരുന്നതിനാല്‍ പി സി വിഷ്ണനാഥ് ക്രമപ്രശ്‌നം ഉന്നയിച്ചെങ്കിലും വി എസിനോടുള്ള ബഹുമാനം മാത്രം പരിഗണിച്ച് എന്‍ ശക്തന്‍ ഉന്നയിക്കാന്‍ അവസരം നല്‍കി. എന്തു കൊണ്ട് അന്വേഷണം നീതി പൂര്‍വകമല്ലെന്ന് സ്ഥാപിക്കാനാണ് സബ്മിഷന്‍ ഉന്നയിച്ച വി എസ് അച്യുതാനന്ദന്‍ ശ്രമിച്ചത്. വിജിലന്‍സ് എന്ന കൂട്ടിലടച്ച തത്തക്ക് കേസെടുക്കാന്‍ കഴിയുന്നില്ല. മാണിക്ക് സത്യസന്ധതക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടു, അതിനാല്‍ അന്വേഷണം പ്രഹസനമാണ്. തുട്ടുവാങ്ങിയ അളിഞ്ഞ ഈ അഴിമതി കേസില്‍ മാണിയെ രക്ഷിച്ച് പരിഹാസ്യമാകരുതെന്ന് വി എസ് ഉപദേശിച്ചു.
സത്വര അന്വേഷണവും റിപ്പോര്‍ട്ട് തയ്യാറാക്കലും വിജിലന്‍സ് ഡയറക്ടറുടെ ചുമതലയില്‍ വരുന്നതിനാല്‍ രമേശ് ചെന്നിത്തലക്ക് അതിലൊന്നും ഇടപെട്ട് പരിചയമില്ല. കോടതിയെ മറികടന്നുള്ള ഒരു തീരുമാനവും അദ്ദേഹം എടുക്കാറുമില്ല. നീതി പൂര്‍വം കാര്യങ്ങള്‍ നടക്കുമെന്ന് രമേശ് ഉറപ്പിച്ച് പറഞ്ഞു.
മാണി കുറ്റക്കാരനല്ലെന്ന് യു ഡി എഫ് യോഗം പ്രമേയം പാസാക്കിയ ശേഷം നടക്കുന്ന അന്വേഷണം എങ്ങനെ നീതി പൂര്‍വകമാകുമെന്ന് കോടിയേരിക്ക് സംശയം. എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സി ബി ഐ അന്വേഷണം നടത്തിയപ്പോള്‍ പോളിറ്റ് ബ്യൂറോ പിണറായിക്ക് അനുകൂലമായി പ്രമേയം പാസാക്കിയത് രമേശ് ഓര്‍മിപ്പിച്ചു. സി ബി ഐയെ നിയന്ത്രിച്ചത് സി പി എമ്മല്ലായിരുന്നുവെന്ന് കോടിയേരി തിരിച്ചടിച്ചു.
രാഷ്ട്രീയവും നിയമവും അന്വേഷണവും രണ്ട് വഴിക്ക് പോകട്ടെയെന്ന തീര്‍പ്പില്‍ ആ തര്‍ക്കം അവസാനിച്ചു. മാണിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന മിനിമം ഡിമാന്‍ഡ് ഉയര്‍ത്തി കോടിയേരി. പിന്നെ ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. ഇരിപ്പിടം വിട്ടവര്‍ ആദ്യം നടുത്തളത്തിലും പിന്നെ സ്പീക്കറുടെ ഡയസിലേക്കും. നടപടിയെടുക്കുമെന്ന് ശക്തന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ശിവന്‍കുട്ടിയും സംഘവും കേട്ട ഭാവം നടിച്ചില്ല. മാണിയുടെ രാജി ആവശ്യപ്പെട്ട് സ്പീക്കറുടെ മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചു. ബാബു എം പാലിശ്ശേരിയും ടി വി രാജേഷും പി ശ്രീരാമകൃഷ്ണനും ആര്‍ രാജേഷും അടങ്ങുന്ന യുവരക്തങ്ങള്‍ ഏറ്റുവിളിച്ചു. അപകടം മണത്ത ഡെപ്യൂട്ടി സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ഒത്തു തീര്‍പ്പുണ്ടാകാത്ത ചര്‍ച്ചകള്‍ക്കൊടുവില്‍ സഭ പിരിയും വരെ ശിവന്‍കുട്ടിക്ക് സസ്‌പെന്‍ഷന്‍ വിധിച്ചു. മറ്റുള്ളവര്‍ക്കു താക്കീതും. നടപടി അംഗീകരിക്കാതിരുന്ന പ്രതിപക്ഷം വീണ്ടും നടുത്തളത്തില്‍. അജന്‍ഡയില്‍ നിശ്ചയിച്ച കാര്‍ഷിക സര്‍വകലാശാല ഭേദഗതിയും മാരി ടൈം ബോര്‍ഡ് ബില്ലും ചര്‍ച്ചയില്ലാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ശിവന്‍കുട്ടിയുടെ സസ്‌പെന്‍ഷനും നടപടിക്രമങ്ങള്‍ക്കും അഞ്ചരമിനുട്ട് ആയുസ്സ് മാത്രം.

ALSO READ  വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ വന്‍ അഴിമതി; പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്