Connect with us

Kozhikode

ശീതീകരിച്ച മുറിയില്‍ ലോക്കല്‍ സമ്മേളനം; അതൃപ്തി, വാഗ്വാദം

Published

|

Last Updated

കോഴിക്കോട്: ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ നടത്തിയ സി പി എം ലോക്കല്‍ സമ്മേളനം വിവാദമാകുന്നു. എം എല്‍ എയും എല്‍ സി സെക്രട്ടറിയും കൊമ്പുകോര്‍ത്തത് സമ്മേളന പ്രതിനിധികള്‍ക്കിടയിലും ചേരിതിരിവും ആശയക്കുഴപ്പവും സൃഷ്ട്ടിച്ചു. വൈ എം സി എ സിറ്റി ഹൗസില്‍ നടത്തിയ നടക്കാവ് ലോക്കല്‍ സമ്മേളനത്തിനെതിരെ ഉദ്ഘാടകന്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ തന്നെയാണ് ആദ്യം അതൃപ്തി അറിയിച്ചത്.
“ഇതെന്താ ജില്ലാ സമ്മേളനമാണോ?” എന്ന ആമുഖത്തോടെ തുടങ്ങിയ പ്രസംഗത്തില്‍ ലളിതമായി ലോക്കല്‍ സമ്മേളനം നടത്തണമെന്ന നിര്‍ദേശവും പ്രദീപ്കുമാര്‍ നല്‍കി. ശേഷം സംസാരിച്ച ലോക്കല്‍ സെക്രട്ടറി എന്‍ സി അഹമ്മദ്, ഇപ്പോഴത്തെ കാലാവസ്ഥയില്‍ ചൂട് സഹിച്ചിരിക്കാന്‍ ആളെ കിട്ടില്ലെന്നും എ സി ഹാളിലല്ലാത്ത സമ്മേളനം നടത്താനാകില്ലെന്നും മറുപടി പറഞ്ഞതോടെ തുടങ്ങിയ മുറുമുറുപ്പ് പിന്നീട് വാഗ്വാദത്തിലെത്തി. ഇതോടെ സമ്മേളന നിരീക്ഷകനായ പ്രദീപ്കുമാര്‍ സ്ഥലം വിട്ടു.
പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും അംഗീകരിക്കലുമെല്ലാം ജില്ലാ കമ്മിറ്റി പ്രതിനിധിയില്ലാതെയാണ് നടന്നത്. ബീച്ച് റോഡ് പുതിയ നിരത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ വിഭാഗിയത നിഴലിച്ചു.
32 അംഗങ്ങള്‍ ഉള്‍കൊള്ളുന്ന മൂന്ന് സ്‌ക്വാഡുകളുടെ റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടക്കുമെന്നായിരുന്നു പ്രഖ്യാപനം. 96 അംഗങ്ങള്‍ക്ക് പകരം 17 വളണ്ടിയര്‍മാര്‍ മാത്രമാണ് സമാപന മാര്‍ച്ചില്‍ അണിനിരന്നത്. ലോക്കല്‍ സെക്രട്ടറിയായി എന്‍ സി അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു. സമ്മേളന നടത്തിപ്പിലെ ധൂര്‍ത്തും പ്രവര്‍ത്തകരുടെ കുറവും വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കും.

Latest