Connect with us

Editors Pick

മലബാര്‍ എക്‌സ്പ്രസിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് !

Published

|

Last Updated

അഭിഷേക് ബച്ചനും ഐശ്വര്വറായിയും ചെന്നൈയിന്‍ എഫ് സിക്ക് ആവേശമാകാന്‍ എത്തുന്നുവെന്നറിഞ്ഞതു കൊണ്ടാണെന്ന് അവകാശപ്പെടുന്നില്ല. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് ജനപ്രവാഹമായിരുന്നു. ഗാലറിയുടെ പടവുകള്‍ അങ്ങിങ്ങായി മാത്രമേ ഒഴിഞ്ഞു കണ്ടുള്ളൂ. അപ്പോഴേ ഉറപ്പിച്ചു. ഇത് റെക്കോര്‍ഡാകും. കളി എണ്‍പത് മിനുട്ട് പിന്നിടുമ്പോള്‍ പതിവ് പോലെ ഒഫിഷ്യല്‍ വന്നു വെള്ളക്കടലാസില്‍ ആ മാജിക് നമ്പറുമായി 61, 323 !

**** ***** ******* ******* ****** ******
വരുമ്പോള്‍ റോഡുകളെല്ലാം കലൂര്‍ സ്‌റ്റേഡിയത്തിലേക്ക്. പോകുമ്പോള്‍ റോഡുകളെല്ലാം റെയില്‍വേ സ്‌റ്റേഷനിലേക്ക് !
**** **** ******** ******* ***** ******
ഹോട്ടലുകളുടെ മുറ്റത്ത് പൂച്ചകളെ പോലെ ഒരു പിടി വറ്റിന് വേണ്ടി തിരിഞ്ഞു കളിയാണ്. എവിടെ കിട്ടാന്‍. തട്ടുകടയും കാലി. ചലോ റെയില്‍വേ സ്‌റ്റേഷന്‍
**** ****** ********* *** ******** ******
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കൂട്ടം. 12.10ന്റെ മലബാര്‍ എക്‌സ്പ്രസിലേക്ക് നാല് മലബാറിനാള്‍ക്കാര്‍ ! പണി പാളുമെന്നുറപ്പായി. സൗത്തിനെ വാരിയെടുത്ത് അതാ മാവേലി പോകുന്നു. നോര്‍ത്തിലെ മഞ്ഞക്കുപ്പായക്കാര്‍ക്ക് മാവേലിയില്‍ തിങ്ങിഞെരിഞ്ഞു നില്‍ക്കുന്ന മഞ്ഞക്കുപ്പായക്കാരുടെ റ്റാറ്റ ! അത് റ്റാറ്റ അല്ലായിരുന്നുവെന്നും, അവിടെ കിടന്ന് രാവിലെങ്ങാനും പോയിക്കോളീന്നുമുള്ള സൂചനയായിരുന്നുവെന്നും പിന്നീടാരോ മലബാറിന്റെ ടോയ്‌ലറ്റിന് മുന്നില്‍ അട്ടിക്കിട്ട് നില്‍ക്കുമ്പോള്‍ ആത്മഗതം പോലെ വിളിച്ചു പറഞ്ഞു.
***** **** ***** ********* ***** ***** ***** ***********
പറഞ്ഞു പോലെ മലബാര്‍ വന്നു. മുന്നിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് പരക്കം പാച്ചില്‍. പിറക് കമ്പാര്‍ട്ട്‌മെന്റ് പിടിച്ചടക്കാന്‍ ചിലരുടെ വിദഗ്ധ നീക്കം. എന്ത് കാര്യം. കമ്പാര്‍ട്ട്‌മെന്റുകള്‍ വീര്‍ത്തു നിറഞ്ഞ് പൊട്ടാനായി നില്‍ക്കുന്നതു പോലെ. നൂറ് കണക്കിനാളുകള്‍ എവിടെ കയറണമെന്നറിയാതെ ട്രെയ്‌നിന് പുറത്ത്. ട്രെയ്‌നിളകും മുമ്പെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് പടയാളികള്‍ ഇരച്ചു കയറി. സി എസ് സബീത്തും ഗോണ്‍സാല്‍വസും ഹ്യൂമുമൊക്കെ കണ്ട് പഠിക്കേണ്ടതായിരുന്നു ആ കുതിപ്പ് !
ഇനിയാണ് രസം. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലുകള്‍ക്ക് മുന്നിലായും ടോയ്‌ലറ്റുകളോട് ചേര്‍ന്നുമുള്ള ഇടനാഴികള്‍ കലൂര്‍ സ്‌റ്റേഡിയം പോലെ നിറഞ്ഞു കവിഞ്ഞു. എല്ലാവരും ഗോളടിച്ചതിന്റെ ആവേശത്തില്‍.
അതാ റഫറി വരുന്നു ടി ടി ഇയുടെ രൂപത്തില്‍. എല്ലാവര്‍ക്കും ഒറ്റയടിക്ക് മഞ്ഞക്കാര്‍ഡ് കാണിച്ചു കളഞ്ഞു മൂപ്പര്‍. എല്ലാവരേയും തട്ടിത്തട്ടി റഫറി ഒരു മൂലയില്‍ കൊണ്ടെത്തിച്ചു.
ആലപ്പുഴ ഇറങ്ങി ജനറലിലേക്ക് മാറിക്കയറിക്കോണം.
സെരി സാറേ, സ്ഥലല്ലാഞ്ഞപ്പം കേറിപ്പോയതാ കൂട്ടത്തിലുണ്ടായ ഒരു രസികന്റെ മറുപടി.
സാറ് പറഞ്ഞെയ് കേട്ടിലേ, എല്ലാരും ചാടിക്കോളിയേ…
ആലപ്പുഴയെത്തി. എല്ലാവരും ചാടിയിറങ്ങി. റഫറി നോക്കി നില്‍ക്കെ ആതാ കൗണ്ടര്‍ അറ്റാക്ക് ചെയ്യും പോലെ പിറകിലുള്ള റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് മഞ്ഞക്കൂട്ടം പായുന്നു. വണ്ടിയിളകും മുമ്പെ അവരെല്ലാം പൊസിഷന്‍ ചെയ്തു !
റഫറി വിടുമോ. മൂപ്പരും കുതിച്ചു ഇടനാഴികളിലൂടെ പിറകിലേക്ക്. എല്ലാവരും റഫറിയെ പ്രതീക്ഷിച്ച് കാത്തു നിന്നു. അപ്പോളാണ് തിരൂരിലെ ആ രസികന്‍ ചങ്ങായി ഫോമിലേക്കുയര്‍ന്നത്.
അല്ല, എത്രെണ്ണം കാണും ഇയിറ്റാല് കറുത്ത കോട്ടിട്ടേറ്റിങ്ങള്.
ഇനി വന്നാല്, ആ ടോയ്‌ലറ്റില്‍ പിടിച്ച് പൂട്ടിയിട്ടേക്കണം. അവസാനം ഇറങ്ങുന്നതാരാന്ന് വെച്ചാല് തൊറന്നിട്ടേക്കി.
കൈയ്യടി, കൂട്ടച്ചിരി.
അപ്പുറത്തെ വാതില്‍ക്കല്‍ നിന്ന് കുറേ തലകള്‍ ഉയര്‍ന്നും പൊങ്ങിയും കളിക്കുന്നു.
പടച്ചോനെ റഫറി വരുന്നുണ്ട്.
അല്ലെടാ, അത് വേറാള്‍ക്കാരാ…
അടുത്തെത്തിയപ്പോ അവര്‍ക്കാശ്വാസം. മഞ്ഞക്കുപ്പായം. അവര്‍ മഞ്ഞയൂരി ബാഗിലിട്ടതായിരുന്നു. റഫറിയെ പറ്റിക്കാന്‍.
ഇങ്ങളൊക്കെയേതാ…റിസര്‍വേഷനാണോ….
അല്ല, ഇങ്ങളെ പോലെ ബ്ലാസ്‌റ്റേഴ്‌സ്….
അങ്ങനെ മലബാറില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക വൃന്ദം ഒറ്റക്കെട്ടായി തടിച്ചു കൂടി. ഇനി ടിടി വന്നാല്‍ ടിടി അടിച്ചു വിടണമെന്നായി കമെന്റ്.
വണ്ടിയില് സ്ഥലമില്ലാതെ ടിക്കറ്റെന്തിനാ തരുന്നത്.
അതോ, ഓര് ജീവിതകാലം മുഴുവന്‍ ടിക്കറ്റ് കൊടുത്തുകൊണ്ടേയിരിക്കും. വണ്ടി പോയതും അറിയൂല വന്നതും അറിയൂല. അതങ്ങനെ കുറേ ജന്‍മങ്ങള് രസികന്‍ റോക്‌സ്.
തിരയിളക്കം പോലെ അപ്പുറത്തെ കമ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് മഞ്ഞക്കാരെല്ലാം ഓടി വരുന്നു.
തൃശൂരെത്തിയാല്‍ ചാടിക്കോളി.
ഫൈനിടാന്‍ മൂപ്പരാള് പിറകില്‍ പാഞ്ഞ് വരുന്നുണ്ട്.
അപ്പോഴാ രസികന്റെ അടുത്ത സംശയം.
അല്ല, ഇമ്പളിങ്ങനെ ചാടണോ. മൂപ്പര്‍ക്ക് ചാടിയിട്ട് അപ്പുറത്തെ കമ്പാര്‍ട്ട്‌മെന്റ് കയറി ഇങ്ങോട്ട് വന്നാല്‍ പോരെ. ഇതിപ്പോ, ഇമ്പളെല്ലാവരും ചാടും. അപ്പുറത്ത് പോയി കയറും. മൂപ്പരങ്ങോട്ട് വരും. റിസ്‌കല്ലേ. ഇതാകുമ്പം മൂപ്പരാള്‍ക്കും സുഖല്ലേ….
ഇയ്യൊന്ന് മിണ്ടാതിരിയെടാ…മറ്റോനെ….
ഓന്‍ വായ പൂട്ടി.
തൃശൂരെത്തി. പതിവ് പോലെ ചാട്ടം, ഓട്ടം, കയറ്റം. റഫറി പ്ലിംഗ് !
എല്ലാവരും ഉറക്കത്തിലേക്ക് വീണു. വെടിയേറ്റ് വീണ പോലെ ടോയ്‌ലറ്റിനും വാതിലിനും ഇടയിലുള്ള സ്ഥലങ്ങളില്‍. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കാനെത്തിയവരാണിവര്‍. എന്നിട്ടോ, അവര്‍ എന്താണ് കളിച്ചത്. പക്ഷേ, അതിലൊന്നും അവര്‍ക്ക് അത്ര പരിഭവമില്ല.
റെയില്‍വേ പോലീസ്. മൂന്ന് പേരുണ്ട്. എല്ലാവരെയും തട്ടിയുണര്‍ത്തി. ബ്ലാസ്‌റ്റേഴ്‌സ് ലൈനപ്പ് ചെയ്തു. അപ്പോഴൊരുത്തനുണ്ട് റിസര്‍വേഷന്‍ ബെഡില്‍ ഇരുന്നുറങ്ങുന്നു. തട്ടിവിളിച്ചപ്പോള്‍ പുരുഷു പൊറുക്കണം എന്ന ഭാവത്തില്‍ ആ പാവത്താന്‍.
അങ്ങനെ എല്ലാവരും ഷൊര്‍ണൂരില്‍ പതിവ് പോലെ ചാടിയിറങ്ങി. ഇത്തവണ ഓട്ടം ജനറര്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക്. ലഗേജ് ബോഗിയിലും ഡിസേബിള്‍ഡ് ബോഗിയിലുമൊക്കെയായി കുറേ പേര്‍ ഇടിച്ചു കയറി. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ശ്വാസം തിങ്ങിയാണെങ്കിലും പിടിച്ചു നിന്നു.
തിരൂരെത്തിയപ്പോള്‍ വലിയൊരു പട തന്നെയിറങ്ങി. അടുത്ത കളിക്ക് കാണാം ബോസേ….
കുഞ്ഞന്‍ വുവുസേലകളൂതി അവര്‍ ബ്രാഹ്മമുഹൂര്‍ത്തത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരവമായി. അയ്യോ….അയ്യയ്യോ….വുവുസേലയില്‍ നിന്ന് ശരിക്കും ഇങ്ങനെയായിരുന്നു ശബ്ദം വിന്യസിച്ച് ഒഴുകിയത്…
എന്തായാലും കളിയേക്കാള്‍ രസായിട്ടോ, മലബാറിലെ ബ്ലാസ്‌റ്റേഴ്‌സ് കൂട്ടത്തിനൊപ്പമുള്ള യാത്ര….
*********** ********* ************ ********** ***********
ഫുട്‌ബോളിന് വലിയൊരു ഫാന്‍ബേസ് ഇവിടെയുണ്ട്. ഐ എസ് എല്‍ ഇത് മുന്നില്‍ കണ്ട് കൂടുതല്‍ ജാഗ്രതയോടെ വേണ്ട പരിഷ്‌കാരങ്ങള്‍ നടത്തുക മാത്രമേ ചെയ്യേണ്ടതുള്ളൂ. വരുന്നത് ഫുട്‌ബോളിന്റെ നല്ല നാളുകള്‍ തന്നെ.

---- facebook comment plugin here -----

Latest