Connect with us

Kerala

'അമ്മയും കുഞ്ഞും' പദ്ധതിയില്‍ നിന്ന് എ പി എല്‍ കാര്‍ഡുടമകളെ ഒഴിവാക്കി

Published

|

Last Updated

കോഴിക്കോട്: ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ ചികിത്സയും ഭക്ഷണവും ഉറപ്പുവരുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അമ്മയും കുഞ്ഞും പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തെ എ പി എല്‍ കാര്‍ഡുടമകളെ ഒഴിവാക്കി. ബി പി എല്‍ റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് ഇനി അമ്മയും കുഞ്ഞും പദ്ധതി പ്രകാരം ചികിത്സയും ഭക്ഷണവും ലഭിക്കുക.
നേരത്തെ ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന മുഴുവന്‍ ഗര്‍ഭിണികള്‍ക്കും ഗര്‍ഭിണിയായതു മുതല്‍ പ്രസവം കഴിഞ്ഞ് മൂന്ന് ദിവസവും സിസേറിയനാണെങ്കില്‍ ഏഴ് ദിവസവും മുഴുവന്‍ ചികിത്സാ ചെലവും ഭക്ഷണവും സര്‍ക്കാര്‍ ചെലവില്‍ നല്‍കിയിരുന്നു. അതെ സമയം, സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിക്കാതെ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് അമ്മയും കുഞ്ഞും പദ്ധതി ബി പി എല്‍ വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
എന്നാല്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുള്ള എ പി എല്‍ വിഭാഗത്തിന് ആശുപത്രിയില്‍ അഡ്മിറ്റ് രേഖപ്പെടുത്തിയാല്‍ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് എടുക്കാത്തവര്‍ ചികിത്സക്കാവശ്യമായ മരുന്നിനും മറ്റും നല്ല തുക മുടക്കേണ്ടിയുംവരും. സിസേറിയനും മറ്റും ആവശ്യമായ മരുന്നുകളും സര്‍ജറി ഉപകരണങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലെന്നിരിക്കെ രോഗികള്‍ വന്‍തുക നല്‍കി വാങ്ങേണ്ട അവസ്ഥയാണ്. അമ്മയും കുഞ്ഞും പദ്ധതി ഇത്തരത്തില്‍ വരുന്ന ചെലവുകള്‍ക്ക് വലിയൊരാശ്വാസമായിരുന്നു.
സാമ്പത്തികമായി ഉയര്‍ന്ന എ പി എല്‍ കാര്‍ഡുടമകള്‍ പ്രസവത്തിനും മറ്റും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുമെന്നിരിക്കെ, തിരക്കുപിടിച്ച സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന എ പി എല്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.