തപാല്‍ വകുപ്പിന്റെ അനാസ്ഥ: ആദിവാസി യുവാവിന് ജോലി നഷ്ടമായെന്ന് പരാതി

Posted on: December 2, 2014 4:15 am | Last updated: December 1, 2014 at 11:16 pm

പത്തനാപുരം: തപാല്‍ വകുപ്പ് ജീവനക്കാരന്റെ കാലതാമസം മൂലം ആദിവാസി യുവാവിന് മിലിട്ടറി ആശുപത്രിയില്‍ ലഭിച്ച ജോലി നഷ്ടമായെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പിറവന്തൂര്‍ പഞ്ചായത്തിലെ മുള്ളുമല ആദിവാസി കോളനിയിലെ സത്യന്‍- ഷൈലജ ദമ്പതികളുടെ മകന്‍ എസ് സജുവി(20)നാണ് ജോലി നഷ്ടമായത്. പ്ലസ് ടു കഴിഞ്ഞ് തിരുവനന്തപുരത്ത് നടന്ന റിക്രൂട്ട്‌മെന്റിലൂടെ സെലക്ഷന്‍ ലഭിച്ച് പാങ്ങോട് ക്യാമ്പില്‍ മൂന്ന് മാസത്തെ ട്രെയിനിംഗും പൂര്‍ത്തിയാക്കിയിരുന്നു.
ചെമ്പനരുവി സബ് പോസ്റ്റാഫീസില്‍ പല തവണ അന്വേഷിച്ചെങ്കിലും നിയമന ഉത്തരവ് ലഭിച്ചില്ല. ആഴ്ചകള്‍ പലത് കഴിഞ്ഞിട്ടും ഉത്തരവ് ലഭിക്കാത്തതിനെ തുടര്‍ന്ന് ട്രെയിനിംഗിന് കൂടെയുണ്ടായിരുന്നവരോട് വിവരമാരാഞ്ഞപ്പോള്‍ അവരെല്ലാം നിയമന ഉത്തരവ് ലഭിച്ച് ജോലിക്ക് കയറിക്കഴിഞ്ഞിരുന്നു. ഉടന്‍ പിറവന്തൂര്‍ മെയിന്‍ പോസ്റ്റോഫീസില്‍ വിവരം തിരക്കിയപ്പോഴാണ് കഴിഞ്ഞ മാസം 15ന് മിലിട്ടറിയുടെ കത്ത് വന്നിരുവെന്നും അന്ന് തന്നെ ചെമ്പനരുവിയില്‍ എത്തിച്ചെന്നുമറിയുന്നത്.
പിറവന്തൂര്‍ പോസ്റ്റോഫീസില്‍ നിന്ന് ചെമ്പനരുവി ഓഫീസിലേക്ക് അന്വേഷണമെത്തിയതോടെ ഇരുപത് ദിവസത്തിലധികം കൈയില്‍ സൂക്ഷിച്ചിരുന്ന കത്ത് ജീവനക്കാരന്‍ വീട്ടിലെത്തിക്കുകയായിരുന്നുവെന്ന് സജു പറയുന്നു. ഇത് പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ മാസം 29ന് മധ്യപ്രദേശിലെ സൈനിക ആശുപത്രിയില്‍ ജോലിയില്‍ ചേരണമെന്ന വിവരം അറിയുന്നത്. രണ്ടാം നാള്‍ മധ്യപ്രദേശിലെത്തിയെങ്കിലും സൈനിക അധികൃതര്‍ കനിഞ്ഞില്ല.
നാട്ടില്‍ മടങ്ങിയെത്തിയ സജു ആരോടും മിണ്ടാട്ടമില്ലാതെ ആഹാരം പോലും യഥാസമയം കഴിക്കാതെ തന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ടതോര്‍ത്ത് വീട്ടിലിരുന്ന് നെടുവീര്‍പ്പിടുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സന്തോഷ് മുള്ളുമലയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ കമ്മീഷനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും പരാതി നല്‍കി.