ബ്രിട്ടനില്‍ പുതുതലമുറപേരുകളില്‍ ഏറ്റവും മുന്നില്‍ ‘മുഹമ്മദ്’

Posted on: December 1, 2014 10:33 pm | Last updated: December 1, 2014 at 10:33 pm

Parental leave plans introducedലണ്ടന്‍: കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നതില്‍ മുഹമ്മദ് എന്ന നാമം ബ്രിട്ടനില്‍ ഏറ്റവും മുന്നിലെന്ന് ബേബി സെന്റര്‍ എന്ന വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം മുഹമ്മദ് എന്ന പേരിന്റെ സ്ഥാനം 27 ആയിരുന്നു. ഇതാണ് ഒറ്റവര്‍ഷം കൊണ്ട് മറ്റു പേരുകളെ തള്ളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നതെന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഒലിവര്‍, ജാക്ക്, നൂഹ് എന്നീ പേരുകളാണ് മുഹമ്മദ് എന്ന നാമത്തിന് തൊട്ടുപുറകിലുള്ളത്. അറബി പേരുകളായ ഉമര്‍, അലി, ഇബ്‌റാഹീം തുടങ്ങിയ പേരുകളും ഏറ്റവും പ്രശസ്തമായ പേരുകളുടെ കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
1950ലാണ് ആദ്യമായി മുഹമ്മദ് എന്ന പേര് ഏറ്റവും പ്രശസ്തമായ 100 പേരുകളില്‍ ഇടംപിടിച്ചത്. ഇപ്പോള്‍ ഈ പേരാണ് ഏറ്റവും മുന്നിലെന്ന് ബേബി സെന്റര്‍ വൈബ്‌സൈറ്റിന്റെ മാനേജിംഗ് എഡിറ്റര്‍ സാറാ റെഡ്‌ഷോ പറഞ്ഞു.
സ്ത്രീകളുടെ പേരില്‍ നൂര്‍ എന്ന പുതിയ അറബി പേരും പുതുതായി ആദ്യ നൂറെണ്ണത്തില്‍ ഇടംപിടിച്ചു. മറിയം എന്ന പേര് 59ാമത്തെ സ്ഥാനത്ത് നിന്ന് 35ലേക്ക് ഉയര്‍ന്നു. അതേസമയം, ചാര്‍ലി, ഹാരി തുടങ്ങിയ പേരുകള്‍ പിറകോട്ട് പോയി. ആറും ഏഴും റാങ്കിലായിരുന്നു ഈ പേരുകളുടെ സ്ഥാനമെങ്കില്‍ ഇപ്പോള്‍ 12ലേക്ക് പുറന്തള്ളപ്പെട്ടു. ഇതുപോലെ വില്യം, ജോര്‍ജ് എന്നീ പേരുകളും പുറകോട്ട് പോയതായി വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു.