Connect with us

Gulf

ഊര്‍ജ സംരക്ഷണം; വിദ്യാലയങ്ങളില്‍ ദിവ പ്രചാരണം

Published

|

Last Updated

ദുബൈ: മികച്ച നാളേക്കുവേണ്ടി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് 160 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവത്കരണം നടത്തിയതായി ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അമല്‍ കൊശാക്ക് അറിയിച്ചു.
നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ബോധവത്കരണം. ഊര്‍ജ സംരക്ഷണത്തിനുള്ള പുരസ്‌കാരങ്ങളുടെ പ്രമോഷനും നടത്തുന്നു. നിരവധി ശില്‍പശാലകളും സെമിനാറുകളും ഇതിന്റെ ഭാഗമായിരുന്നു.
സൗരോര്‍ജം ഉള്‍പെടെ പുനരുല്‍പാദക ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കാനും ഊര്‍ജ ഉപയോഗം പരമാവധി കുറക്കാനും ദിവ ബോധവത്കരണത്തെ ഉപയോഗപ്പെടുത്തുന്നു. ദുബൈ ഇന്റഗ്രേറ്റഡ് എനര്‍ജി സ്ട്രാറ്റജി 2030 പ്രകാരം സൗരോര്‍ജത്തിന്റെ ഉപയോഗം ആകെ ഊര്‍ജോപയോഗത്തിന്റെ അഞ്ച് ശതമാനം ആക്കാനാണ് നീക്കം. ഊര്‍ജത്തിന്റെ ആവശ്യം 30 ശതമാനം കുറയ്ക്കാനും പദ്ധതിയുണ്ടെന്ന് ഗ്രീന്‍ ഗ്രോത്ത് നോളജ് ശില്‍പശാലയില്‍ ദിവ സി ഇ ഒയും മാനേജിംഗ്ഡയറക്ടറുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. സുസ്ഥിരമായ സാമ്പത്തിക വികസനത്തിനായി ഹരിത സാമ്പത്തികം എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയപ്രകാരമാണു വൈവിധ്യമാര്‍ന്ന ഊര്‍ജ സ്രോതസുകളിലൂടെ ഊര്‍ജപരിഹാരത്തിനു ദീവ ശ്രമിക്കുന്നതെന്ന് അല്‍ തായര്‍ പറഞ്ഞു.
പരിസ്ഥിതി-ജല മന്ത്രാലയം, വിദേശമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫിസ്, ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ ചേര്‍ന്നാണു ശില്‍പശാല സംഘടിപ്പിച്ചത്. റിയലൈസിംഗ് ക്വിക്ക് വിന്‍സ് ആന്‍ഡ് അണ്‍ലോക്കിംഗ് മാര്‍ക്കറ്റ് ഓപര്‍ച്യൂണിറ്റീസ് ഫോര്‍ ഗ്രീന്‍ ഗ്രോത് എന്നതായിരുന്നു ശില്‍പശാലയുടെ പ്രമേയം. സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, രാജ്യാന്തര, പ്രാദേശിക വിദഗ്ധര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
സൗരോര്‍ജ പാനലുകള്‍ വീടുകളില്‍ സ്ഥാപിക്കാനും ഊര്‍ജം ഉല്‍പാദിപ്പിക്കാനും കുടുംബങ്ങളെയും കെട്ടിടനിര്‍മാതാക്കളെയും പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തികൂട്ടാന്‍ ശില്‍പശാലയില്‍ അഭിപ്രായം ഉയര്‍ന്നു.
ദുബൈയില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന അളവ് 2021 ഓടെ 16ശതമാനം കുറക്കാനാണു ദീവയുടെ ശ്രമം. ദുബായില്‍ ഇതുവരെ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവില്‍ 8.8ശതമാനം കുറക്കാന്‍ ദിവക്കായിട്ടുണ്ട്.

Latest