സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Posted on: December 1, 2014 6:59 pm | Last updated: December 1, 2014 at 6:59 pm

gold barകൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. തിങ്കളാഴ്ച്ച പവന് 120 രൂപ കുറഞ്ഞ് 19400 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2425 രൂപയിലെത്തി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

ക്രൂഡോയില്‍ വിലിയിടിവ് തുടരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന്റെ കരുതല്‍ നിക്ഷേപം എട്ട് ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്താനുള്ള സ്വിസ് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം സ്വിസ് ജനത വോട്ടെടുപ്പിലൂടെ തള്ളിയതാണ് ഏഷ്യന്‍ വിപണിയില്‍ സ്വര്‍ണവില കുറയാന്‍് കാരണമായത്. നിര്‍ദേശം അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 1500 ടണ്‍ സ്വര്‍ണം വിപണിയില്‍ നിന്ന് വാങ്ങേണ്ടിവരുമായിരുന്നു.

ക്രൂഡോയില്‍ വിലയിടിയുന്നത് പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പ്പാദനം കുറക്കില്ലെന്ന ഒപെക് രാജ്യങ്ങളുടെ തീരുമാനവും സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചു. ഏഷ്യന്‍ വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1151 ഡോളറെന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.