പക്ഷിപ്പനിക്ക് പിന്നില്‍ ദേശാടനപക്ഷികളെന്ന്

Posted on: December 1, 2014 11:30 am | Last updated: December 1, 2014 at 11:30 am

ഒറ്റപ്പാലം: കേരളത്തിലെ മിതശീതോഷ്ണ കാലാവസ്ഥ ആസ്വദിക്കാനായി കൂട്ടത്തോടെ പറന്നത്തെുന്ന ദേശാടന പക്ഷികളാണ് മുഖ്യമായും വൈറസ് വാഹകരാവുന്നതെന്ന് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നതിനെക്കുറിച്ചുള്ള സാധ്യതകളാരായാന്‍ വാണിയം കുളത്ത് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രദേശത്ത് വളര്‍ത്തുകോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കോഴിവസന്ത മൂലമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അതേസമയം, എച്ച് 5 എന്‍ 2 വൈറസിന്റെ സാംക്രമിക സാധ്യതകള്‍ക്കെതിരെ ജാഗ്രത വേണം. ഇതിനെ പ്രതിരോധിക്കാന്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. നിശ്ചല ജലാശയങ്ങളും മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും ഭീഷണിയാണ്. ചെലവുകുറഞതും പ്രായോഗികവുമായ മുന്‍കരുതലുകള്‍ വിദഗ്ധര്‍ പങ്കുവെച്ചു.
വളര്‍ത്തുപക്ഷികള്‍ക്കുണ്ടാവുന്ന രോഗലക്ഷണങ്ങള്‍ ഉടന്‍ പഞ്ചായത്തിലെ വെറ്ററിനറി ആശുപത്രിയില്‍ റിപ്പോര്‍ട്ടുചെയ്യാനും നിര്‍ദേശിച്ചു. മുന്‍കരുതലുകള്‍ സംബന്ധിച്ച ലഘുലേഖ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യാനും തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ്‌കെഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് രമണി, പി കെ ദാസ്, ഇന്‍സ്റ്റിറ്റിയൂട്ട് പ്രിന്‍സിപ്പല്‍ ഡോ കെ എന്‍ ഗോപകുമാര്‍ കര്‍ത്ത, കമ്യൂണിറ്റി മെഡിസിന്‍ അസോ പ്രൊഫ ഡോ എം ജി ദീപക്, പി ആര്‍ ഒ പ്രേമന്‍, വെറ്ററിനറി വിഭാഗം വിദഗ്ധര്‍ സംസാരിച്ചു.