ജില്ലയില്‍ മോഷണവും പിടിച്ചുപറിയും വ്യാപകം: പോലീസ് നിഷ്‌ക്രിയം. ജനം ഭീതിയില്‍

Posted on: December 1, 2014 11:29 am | Last updated: December 1, 2014 at 11:29 am

പാലക്കാട്: ജില്ലയില്‍ മോഷണവും പിടിച്ചുപറിയും വ്യാപകം. നടപടിയെടുക്കേണ്ട പൊലീസ് നിഷ്‌ക്രിയം. ജീവനും സ്വത്തിനും ഒരു സുരക്ഷയും ഇല്ലാതെ ജനങ്ങളാകട്ടെ ആശങ്കയിലും. വാഹനമോഷണം, പട്ടാപ്പകല്‍ റോഡില്‍ സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ച്ച, ക്ഷേത്രഭാണ്ഡരം കുത്തിത്തുറന്ന് മോഷണം, പമ്പ്‌സെറ്റുകളിലെ മോട്ടോര്‍മോഷണം, വീടുകളിലുംകടകളിലും മോഷണം എന്നിങ്ങനെ വിവിധ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ജില്ലയില്‍ വ്യാപകമായി. വൃദ്ധരായ സ്ത്രീകള്‍ക്കുപോലും വഴി നടക്കാന്‍ കഴിയാത്ത അവസ്ഥ. പല കേസുകളും രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ നടപടിയുണ്ടാവുന്നില്ല. ചിലതാകട്ടെ പൊലീസ് ഇടപെട്ടു ഒതുക്കിത്തീര്‍ക്കുന്നുവെന്ന ആക്ഷേപവും ശക്തം. വടക്കഞ്ചേരി, ചിറ്റൂര്‍ മേഖലകളില്‍ ഒരു മാസത്തിനിടെ 25ലധികം മോഷണങ്ങളുണ്ടായി. ഒക്ടോബര്‍ ഒന്നിന് കൊഴിഞ്ഞാമ്പാറയിലെ അരിക്കടയില്‍ നിന്ന് കംപ്യൂട്ടര്‍ മോഷ്ടിച്ചു. എട്ടിന് ബൈക്കിലെത്തിയ സംഘം ചിറ്റൂര്‍ അമ്പാട്ടുപാളയത്ത് എണ്‍പതുകാരിയുടെ കഴുത്തിലെ ഒരുപവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. ഒമ്പതിന് പുല്ലുകോട് ക്ഷേത്രത്തില്‍ ‘ണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. കണ്ണമ്പ്രയില്‍ പട്ടപ്പകല്‍ സി ചന്ദ്രന്‍ എന്നയാളുടെ വീട്ടില്‍ കയറി പത്തരപവന്റെ സ്വര്‍ണാഭരണം കവര്‍ന്നു. പിന്നീട് ഈ സ്വര്‍ണാഭരണങ്ങളില്‍ ചിലത് റോഡരികില്‍നിന്ന് ലഭിച്ചു. പത്തിന് കണ്ണിയംപുറത്ത് നിര്‍മാണസാമഗ്രികളും കൊല്ലങ്കോട് ക്ഷേത്രദര്‍ശനത്തിനെത്തിയ പൊള്ളാച്ചി സ്വദേശിനിയായ സ്ത്രീയുടെ നാല്പവന്റെ സ്വര്‍ണമാലയും പിടിച്ചുപറിച്ചു.വടക്കഞ്ചേരി കണ്ണംകുളം സന്തോഷിന്റെ വീട്ടില്‍നിന്ന് ഏഴ് പവനും 2500രൂപയും മോഷണംപോയി. വാണിയമ്പാറ, കല്ലിങ്കല്‍പ്പാടം, പന്തലാംപാടം, മേരിഗിരി, തെക്കിന്‍കല്ല എന്നിവിടങ്ങളിലും സമാനമായ മോഷണങ്ങളുണ്ടായി. ചിറ്റൂരില്‍ തിരക്കുള്ള സ്ഥലങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് വാഹനമോഷണം നടന്നത്. ആറോളം വീടുകളില്‍നിന്ന് ബൈക്കുകളും കാറുകളും മോഷണംപോയി. അമ്പാട്ടുപാളയം, തത്തമംഗലം, വിളയോടി, നറണി, വണ്ടിത്താവളം പ്രദേശങ്ങളിലെ വീടുകളിലും കടകളിലും മോഷണമുണ്ടായി. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി ഭാഗങ്ങളില്‍നിന്ന് മോഷണംപോയ നിരവധി പമ്പ്‌സെറ്റ്‌മോട്ടോറുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, പൊലീസിലെ ചിലര്‍ ഈ കേസുകള്‍ ഒതുക്കിത്തീര്‍ത്തുവെന്നാണ് ആരോപണം. 15ന് പത്തിരിപ്പാലയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് 32ലക്ഷംരൂപ കവര്‍ന്നു. ഒന്നിന് മലപ്പുറംജില്ലയിലെ രാമപുരംസ്വദേശിയില്‍നിന്ന് ചെര്‍പ്പുളശേരിയില്‍വച്ച് 6.28ലക്ഷംരൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. ഈ കേസുകള്‍ക്കൊന്നും തുമ്പുണ്ടായില്ല. പാലക്കാട്‌നഗരത്തിലും ആലത്തൂരിലും കഴിഞ്ഞ ഒരാഴ്ചയായി നിരവധി മോഷണങ്ങളാണ് നടന്നിരിക്കുന്നത്. നാലു ദിവസം മുമ്പ് രാത്രിയില്‍ ഒരു വ്യാപാരിയെ മര്‍ദ്ദിച്ച് ലക്ഷകണക്കിന് രൂപയാണ് കവര്‍ച്ച നടത്തിയത്. മോഷണം പെരുകിയതോടെ വീട്ടിനകത്തും പുറത്തും ജിവിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. പോലീസാകട്ടെ പതിവ് അന്വേഷണവുമായി മുന്നോട്ട് പോകുമ്പോഴും മോഷ്ടാക്കള്‍ ഇവരെ വെല്ലുവിളിച്ച് മോഷണവും നടത്തുകയാണ്.