കാരശ്ശേരിയിലെ ഭവന പദ്ധതി: ഇടത് നിലപാടില്‍ പ്രതിഷേധം

Posted on: December 1, 2014 9:57 am | Last updated: December 1, 2014 at 9:57 am

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറ് നിര്‍ധനര്‍ക്ക് ഗുണം ലഭിക്കുന്ന ഭവന പദ്ധതിയോട് ഇടത് അംഗങ്ങള്‍ നിഷേധ നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപം. അനാവശ്യവും ബാലിശവുമായ വാദങ്ങളുയര്‍ത്തി ഗ്രാമപഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതിക്കെതിരെ ഇടത് അംഗങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഭരണസമിതി രംഗത്തെത്തി. കാരശ്ശേരിയില്‍ ജനറല്‍ വിഭാഗത്തിന് മാത്രം 200 വീടുകള്‍ നിര്‍മിക്കുന്നതിനാണ് പ്രത്യേക പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുകയും പദ്ധതിക്ക് നാല് കോടി രൂപ നല്‍കാന്‍ കാരശ്ശേരി സര്‍വീസ് സഹകരണബേങ്ക് തയ്യാറായിട്ടുണ്ട്. പദ്ധതിപ്രകാരം ഓരോ വാര്‍ഡിലും പത്തിലേറെ വീടുകള്‍ നിര്‍മിക്കാന്‍ കഴിയും. ഒക്‌ടോബര്‍ 30ന് ചേര്‍ന്ന ഭരണസമിതിയില്‍ അവതരിപ്പിച്ചെങ്കിലും വിഷയം പഠിക്കട്ടെ എന്ന് പറഞ്ഞ് അടുത്ത യോഗത്തിലേക്ക് മാറ്റിവെപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ചര്‍ച്ചക്കെടുത്തെങ്കിലും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും തനത് ഫണ്ട് കമ്മിയാണെന്നും പറഞ്ഞ് ഇടത് അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയാണെന്ന് യു ഡി എഫ് അംഗങ്ങള്‍ പറഞ്ഞു. 10 വോട്ടോടെ ഇത് പാസായെങ്കിലും ഇത്രയും വലിയ പദ്ധതിയെ എതിര്‍ക്കുന്ത് ഗൗരവത്തോടെ കാണണമെന്ന് യു ഡി എഫ് അംഗങ്ങള്‍ പറഞ്ഞു.
ഇടത് അംഗങ്ങളുടെ വിയോജനക്കുറിപ്പില്‍ ഒരു ഇടത് അംഗം ഒപ്പിടാത്തത് ഇവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസമാണ് സൂചിപ്പിക്കുന്നതെന്നും ഒരു യു ഡി എഫ് അംഗം പറഞ്ഞു. ഇടത് മുന്നണി അംഗങ്ങളുടെ നിലപാടില്‍ ഭരണസമിതിയോഗം പ്രതിഷേധിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം ടി സെയ്ത് ഫസല്‍, അംഗങ്ങളായ സന്തോഷ് ജോണ്‍, ആമിന എടത്തില്‍, ശാന്താദേവി മൂത്തേടത്ത്, എം ടി അഷ്‌റഫ്, ഷൈനാസ് ചാലൂളി, മിനി പ്രകാശന്‍, സുഹ്‌റ കരുവോട്ട്, ജയപ്രഭാവതി കുറ്റിപ്പുറത്ത് പ്രസംഗിച്ചു.