Connect with us

National

ആസൂത്രണ കമ്മീഷന്റെ 'ദയാവധം' പുരോഗമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: 64 വര്‍ഷയം പ്രായമുള്ള ആസൂത്രണ കമ്മീഷന് “ദയാവധം” നല്‍കി പകരം സംവിധാനം ഈ മാസത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. പുതിയ സംവിധാനത്തിന്റെ ഘടനയും പേരും നല്‍കാനുള്ള നടപടികളാണ് ത്വരിതഗതിയില്‍ നടക്കുന്നത്. പുതിയ സംവിധാനത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച ആശയങ്ങളും നിലപാടുകളും അറിയിക്കുന്നതിന് ഈ മാസം ഏഴിന് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തിന്റെ പേരും പങ്കും സംബന്ധിച്ച നിരവധി അഭിപ്രായങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. സുസ്ഥിര വികസന കമ്മീഷന്‍, ദേശീയ വികസന ഏജന്‍സി, സാമൂഹിക സാമ്പത്തിക വികസന കമ്മീഷന്‍, ഭാരത് പ്രഗതി ലക്ഷ്യ തുടങ്ങിയ പേരുകളാണ് ലഭിച്ചത്. നിധി ആയോഗ് അഥവാ നയ കമ്മീഷന്‍ എന്ന പേരാണ് പുതിയ സംവിധാനത്തിന് പരിഗണിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി ആയിരിക്കും പുതിയ സംവിധാനത്തിന്റെ തലവന്‍. ആസൂത്രണ കമ്മീഷനിലേത് പോലെ അന്തര്‍ സംസ്ഥാന സമിതി, പദ്ധതി നിരീക്ഷണ ഓഫീസ്, യു ഐ ഡി എ ഐ, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി ബി ടി) എന്നീ നാല് ഘടകങ്ങള്‍ ഇതിനുമുണ്ടാകും. കേന്ദ്ര സംസ്ഥാന വിദഗ്ധര്‍ക്ക് പുറമെ വ്യവസായ രംഗത്തെ വിദഗ്ധരും എല്ലാ ഘടകങ്ങളിലുമുണ്ടാകും. ഡി ബി ടി നേരത്തെ ആസൂത്രണ കമ്മീഷന്റെ ഭാഗമായിരുന്നെങ്കിലും പിന്നീട് ധന മന്ത്രാലയത്തിന്റെ ഭാഗമാക്കി.
ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കി മറ്റൊരു പ്രമുഖ സംവിധാനം ഒരുക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതിന് ശേഷം പുതിയ സംവിധാനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിദഗ്ധരുടെ നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു. രാഷ്ട്രത്തിന്റെ സാമ്പത്തിക വിധി മാറ്റി മറിക്കുന്നതിന് കാരണമായ ആസൂത്രണ കമ്മീഷന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് തുടക്കമിട്ടത്. പ്രധാനമന്ത്രി ചെയര്‍മാനായ കമ്മീഷന് വലിയ അധികാരവും സ്വാധീനവുമാണുള്ളത്. വളര്‍ച്ചയും സ്രോതസ്സുകള്‍ അനുമതിക്കലുമാണ് പ്രധാന ചുമതലകള്‍. കാബിനറ്റ് മന്ത്രിയുടെ അധികാരമുള്ള കമ്മീഷന്റെ ഉപാധ്യക്ഷന്‍ പലപ്പോഴും രാഷ്ട്രീയ നേതാവായിരുന്നു.
ഗുല്‍സരിലാല്‍ നന്ദ, വി ടി കൃഷ്ണമാചാരി, സി സുബ്രഹ്മണ്യന്‍, പി കെ ഹക്‌സാര്‍, മന്‍മോഹന്‍ സിംഗ്, പ്രണാബ് മുഖര്‍ജി, കെ സി പാന്ഥ്, ജസ്വന്ത് സിംഗ്, മധു ദന്താവാഡെ, മോഹന്‍ ധരിയ, ആര്‍ കെ ഹെഗ്‌ഡെ തുടങ്ങിയവര്‍ വിവിധ കാലയളവില്‍ ഉപാധ്യക്ഷന്‍മാരായിട്ടുണ്ട്. മൊണ്ടേക് സിംഗ് അലുവാലിയ ആയിരുന്നു അവസാനത്തെ ഉപാധ്യക്ഷന്‍.

Latest