ട്രെയിന്‍ യാത്രക്കിടെ മയക്കിക്കിടത്തി 15 പവന്‍ ആഭരണം കവര്‍ന്നു

Posted on: December 1, 2014 4:47 am | Last updated: November 30, 2014 at 11:48 pm

MOSHANAMകായംകുളം: ട്രെയിന്‍ യാത്രക്കിടെ ഉറങ്ങാന്‍ കിടന്ന ദമ്പതികളെ മയക്കിക്കിടത്തിയ ശേഷം 15 പവന്റെ സ്വര്‍ണാഭരണങ്ങള്‍ അപഹരിച്ചു. കൃഷ്ണപുരം കാപ്പില്‍മേക്ക് ദേവകിമന്ദിരത്തില്‍ രാധാകൃഷ്ണപിള്ള (63), ഭാര്യ ചന്ദ്രിക(53) എന്നിവരെ മയക്കിക്കിടത്തിയാണ് ആഭരണം കവര്‍ന്നത്.
ഹാപ്പ- തിരുനല്‍വേലി എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. അഹമ്മദാബാദില്‍ താമസിക്കുന്ന ഇവര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരാനായി ട്രെയിനില്‍ കയറി ഉറങ്ങാന്‍ കിടക്കുന്നത് വരെ യാതൊരു കുഴപ്പവുമില്ലായിരുന്നു. ഉണര്‍ന്നപ്പോഴേക്കും ഒന്നും ഓര്‍മയില്ലാത്ത അവസ്ഥയിലായി. പിന്നീട് സഹയാത്രികരുടെ സഹായത്തോടെ എഴുന്നേറ്റിരുന്ന ശേഷമാണ് സ്വര്‍ണം നടഷ്ടപ്പെട്ടത് അറിയുന്നത്.
പകുതി മയക്കത്തില്‍ കായംകുളത്ത് ട്രെയിനിറങ്ങി ഇവര്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീണതോടെ ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചു.