Connect with us

International

ഈജിപ്തില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; രണ്ട് മരണം

Published

|

Last Updated

കെയ്‌റോ: മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിനെ സൈനിക കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് ഈജിപ്തില്‍ പ്രക്ഷോഭം. പോലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മുബാറകിനെ കുറ്റവിമുക്തനാക്കിയതറിഞ്ഞ് ആയിരക്കണക്കിന് പേരാണ് ഇന്നലെ മുതല്‍ തഹ്‌റീര്‍ ചത്വരത്തിന് ചുറ്റും ഒത്തുകൂടിയിരിക്കുന്നത്. രാഷ്ട്രത്തിന്റെ പതാകയുമേന്തി ഹുസ്‌നി മുബാറകിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രക്ഷോഭകര്‍ എത്തിയത്. തുടര്‍ന്ന് പ്രക്ഷോഭകരും പോലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. കൂടുതല്‍ പ്രക്ഷോഭകരെത്തുന്നത് തടയാന്‍ പോലീസ് തഹ്‌രീര്‍ ചത്വരത്തിനടുത്തുള്ള പ്രവേശന കവാടം അടച്ചു.
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രി ആദില്‍ അദാവി സ്ഥിരീകരിച്ചു.
അതേസമയം കോടതി വിധിക്കെതിരെ സര്‍വകലാശാലകളില്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് കൂടുതല്‍ യുവാക്കള്‍ ഇന്നലെ രംഗത്തെത്തിയിട്ടുണ്ട്. പതിനൊന്ന് സര്‍വകാശലകളിലാണ് പ്രക്ഷോഭത്തിന് ഫേസ്ബുക്ക് വഴി ആഹ്വാനം നല്‍കിയിരിക്കുന്നത്. മുഹമ്മദ് മുര്‍സിയെ പട്ടാള ഭരണകൂടം അട്ടിമറിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രക്ഷോഭത്തില്‍ സര്‍വകലാശാലകള്‍ സ്തംഭിച്ചിരുന്നു.
2011ല്‍ നടന്ന തഹ്‌രീര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ കൂട്ടക്കൊല നടത്തിയെന്ന കേസിലാണ് ഹുസ്‌നി മുബാറക്കിനെ കുറ്റവിമുക്തനാക്കിയത്. മുബാറക്കിനു പുറമെ അന്നത്തെ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ അദ്‌ലി ഉള്‍പ്പെടെ ഏഴ് പേരെയും കോടതി വെറുതെ വിട്ടു. ഇസ്‌റാഈലിലേക്ക് വാതകം കയറ്റുമതി ചെയ്തതില്‍ അഴിമതി നടത്തിയെന്ന കേസിലും മുബാറക്കിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസില്‍ മുബാറക്കിന്റെ മക്കളായ അല, ജമാല്‍ എന്നിര്‍ക്കെതിരായ ആരോപണവും ചീഫ് ജഡ്ജി മഹ്മൂദ് കമാല്‍ അല്‍ റാശിദി തള്ളി.
പ്രക്ഷോഭക്കാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുബാറക്കിനെയും അന്നത്തെ ആഭ്യന്തര മന്ത്രിയെയും ആറ് ഉദ്യോഗസ്ഥരെയും കോടതി ജീവപര്യന്തം തടവിന് 2012ല്‍ ശിക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പുനര്‍വിചാരണക്ക് ഉത്തരവിട്ടത്.
അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഹുസ്‌നി മുബാറക് പ്രതികരിച്ചു. ഈ വിധി താന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നും വിധി പ്രഖ്യാപനം പുറത്ത് വന്ന ശേഷം അദ്ദേഹം ആശുപത്രിക്കിടക്കയില്‍ നിന്ന് ഒരു ചാനലിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഭരണത്തിലിരുന്ന കാലത്തെ പുകഴ്ത്തിയ അദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷം രാജ്യം വന്‍ പുരോഗതി നേടിയതായും ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest