Connect with us

International

എബോള: മരണ സംഖ്യയില്‍ വന്‍ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

വാഷിംഗ്ടണ്‍: പശ്ചിമ ആഫ്രിക്കയില്‍ എബോള ബധിച്ച് മരിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂ എച്ച് ഒ). മരണ സംഖ്യ ഏഴായിരത്തോളമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച ഡബ്ല്യൂ എച്ച് ഒ പുറത്തു വിട്ട കണക്കനുസരിച്ച് 1,200 ആയിരുന്നു ഇവിടെ മരണ സംഖ്യ. ഇപ്പോഴത് 6,928 ആയി വര്‍ധിച്ചിട്ടുണ്ട്. ഡബ്ല്യൂ എച്ച് ഒ അവരുടെ വെബ്‌സൈറ്റില്‍ പുതിയ കണക്കുകള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ വര്‍ധനവിനെക്കുറിച്ച് കൂടുതല്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ആഫ്രിക്കയുടെ തെക്കുകിഴക്കന്‍ പ്രദേശമായ ഗുനിയയില്‍ പതിനാറായിരത്തോളം പേരില്‍ ഇതുവരെയായി എബോള രോഗം സ്ഥിരീകരിച്ചിരുന്നു. എബോള മരണ സംഖ്യയില്‍ ഇപ്പോഴുണ്ടായ ഈ വ്യാപനം പ്രധാനമായും സിയറ ലിയോണിലാണ്. കഴിഞ്ഞ എട്ട് മാസമായി എബോള വൈറസ് സിയറ ലിയോണില്‍ സ്ഥിരീകരിച്ചിട്ട്. ഇത്രയും കാലമായുണ്ടാകാത്ത വളര്‍ച്ചയാണ് മരണ സംഖ്യയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കൊണ്ടുണ്ടായിരിക്കുന്നത്. വളരെ അപ്രതീക്ഷിതമായുണ്ടായ ഈ വളര്‍ച്ചയില്‍ എന്ത് ചെയ്യണമെന്നറിയാതെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് പ്രദേശത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍. അതേസമയം ലൈബീരിയയിലും ഗുനിയയിലും എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗത്തിന്റെ പടര്‍ച്ച ഏറെക്കുറെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഓരോ ആഴ്ചയിലും 400ന്റെയും 500ന്റെയും ഇടയിലുള്ള വ്യക്തികള്‍ക്ക് എബോള രോഗം ബാധിക്കുന്നതായി സിയറ ലിയോണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതായി ഡബ്ല്യൂ എച്ച് ഒ പറഞ്ഞു.

Latest