Connect with us

Kerala

പക്ഷിപ്പനി നിയന്ത്രണ വിധേയം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയമാണെങ്കിലും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിബാധിത പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമായി തുടരാന്‍ തീരുമാനം. ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും പക്ഷിപ്പനി കാരണം ചത്ത മുഴുവന്‍ താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പക്ഷിപ്പനി പ്രതിരോധ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
നേരത്തെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പക്ഷിപ്പനിബാധിത മേഖലയില്‍ കൊല്ലുന്ന താറാവുകള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കുകയുള്ളൂവെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പക്ഷിപ്പനി സ്ഥിരീകരിക്കുന്നതിന് മുമ്പ് ചത്തുവീണ താറാവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാല്‍, രോഗബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ചത്തൊടുങ്ങിയ താറാവുകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കൃഷിമന്ത്രി കെ പി മോഹനനാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം ഇരുപതിനായിരത്തോളം താറാവുകളാണ് രോഗബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ചത്തതെന്നാണ് കണക്കാക്കിയിട്ടുള്ളത്.
മേഖലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്താനും ഉന്നതതല യോഗം അനുമതി നല്‍കി. നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ അനുമതി നല്‍കിയിരുന്ന അമ്പതിനായിരം രൂപയുടെ പരിധി ഒരു ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. മുനിസിപ്പാലിറ്റികള്‍ക്കും ഒരു ലക്ഷം രൂപ തനതു ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ അനുവദിച്ചു. തനതു ഫണ്ടില്ലാത്ത സാഹചര്യത്തില്‍ മറ്റു പദ്ധതികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വകമാറ്റാനും യോഗം അനുമതി നല്‍കി.
പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗബാധിത മേഖലയിലെ വീടുകള്‍ കയറിയിറങ്ങി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് അഞ്ഞൂറ് രൂപ വീതം പ്രത്യേക അലവന്‍സ് നല്‍കും. ഇതിന് പുറമെ, റവന്യൂ വകുപ്പിനുണ്ടായ പ്രത്യേക ചെലവുകള്‍ക്കും സഹായം അനുവദിക്കും. വെള്ളത്തിലൂടെ മനുഷ്യരിലേക്ക് പക്ഷിപ്പനി പടരുന്നത് തടയുന്നതിനായി കര്‍മപദ്ധതി തയ്യാറാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ, മൃസംരക്ഷണ വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേകമായി രൂപവത്കരിച്ച നിരീക്ഷണ സംഘവുമായി ചര്‍ച്ച ചെയ്ത ശേഷമാകും കര്‍മപദ്ധതി രൂപവത്കരിക്കുക. താറാവുകള്‍ ചത്തുവീണതിനെ തുടര്‍ന്ന് വെള്ളം മലിനമായ പശ്ചാത്തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായാണ് കര്‍മപദ്ധതി തയ്യാറാക്കുന്നത്.
രോഗബാധയുണ്ടോയെന്ന് കണ്ടെത്തുന്നതിനായി 88,178 വീടുകളിലായി 3,31,043 പേരെയാണ് ഇതുവരെയായി ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ പരിശോധിച്ചത്. മനുഷ്യരുടെ ആറ് സാമ്പിളുകളാണ് പരിശോധനക്കായി ലാബിലേക്ക് അയച്ചത്. ഇതില്‍ മൂന്നെണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരിച്ചു.
മൂന്ന് പേരുടെ ഫലം ലഭിക്കാനുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളൊഴികെയുള്ള സ്ഥലങ്ങളില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മകാരണമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷികളെ കൊല്ലുന്ന നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. പക്ഷിപ്പനി നിയന്ത്രണവിധേയമാണെന്നും മന്ത്രിമാര്‍ അറിയിച്ചു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest