നേതൃത്വത്തെ വെല്ലുവിളിച്ച് കുറ്റിച്ചിറയില്‍ ലീഗ് വിമതരുടെ കണ്‍വെന്‍ഷന്‍

Posted on: November 30, 2014 12:05 pm | Last updated: November 30, 2014 at 12:05 pm

leagueകോഴിക്കോട്: ലീഗ് നേതൃത്വത്തെ ഞെട്ടിച്ച് കുറ്റിച്ചിറയില്‍ വിമതരുടെ വിപുലമായ കണ്‍വെന്‍ഷന്‍. വന്‍ ജനക്കൂട്ടമാണ് കണ്‍വെന്‍ഷനെത്തിയത്. മന്ത്രി ഡോ. എം കെ മുനീറിനോടും ജില്ലാ ലീഗ് നേതൃത്വത്തോടും കലഹിച്ച് നിന്നിരുന്ന വിഭാഗമാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
പ്രദേശത്തെ ലീഗ് നേതാക്കളും ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു. ഡോ. കെ ടി ജലീല്‍ എം എല്‍ എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി ടി അബ്ദുര്‍റസാഖ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ഭാഗവാഹികളായ റഷീദ് നല്ലളം, പി കെ ഹംസക്കോയ, പി കെ എം കോയ, ഉസ്മാന്‍, അക്ബര്‍ ശരീഫ്, പി ടി ഫുര്‍ഖാന്‍, പി കെ എം റഫീഖ് സംസാരിച്ചു.
നഗരപരിധിയില്‍ മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയും സി എച്ച് മുഹമ്മദ്‌കോയയുടെ പ്രവര്‍ത്തന മേഖലയുമാണ് കുറ്റിച്ചിറ. ഇവിടെ നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് വലിയൊരു വിഭാഗം പരിപാടി സംഘടിപ്പിച്ചത് നേതാക്കലെ ഞെട്ടിച്ചിട്ടുണ്ട്.
മന്ത്രി എം കെ മുനീറിനോടും ജില്ലാ നേതൃത്വത്തോടും വിയോജിച്ച് ഗ്രീന്‍സ്റ്റാര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിമത വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. യോഗം മാറ്റിവെക്കണമെന്നും ഇപ്പോള്‍ വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളും, ജനറല്‍ സെക്രട്ടറി കെ പി എ മജീദും തിരിച്ചെത്തിയാല്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്നും ജില്ലാ നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇത് തള്ളികളഞ്ഞാണ് പരിപാടി നടത്തിയത്.
കഴിഞ്ഞ മാസം പി ടി എ റഹീം എം എല്‍ എയെ പങ്കെടുപ്പിച്ചും വിമതര്‍ കണ്‍വന്‍ഷന്‍ നടത്തിയിരുന്നു. ശാഖ ലീഗ് പ്രസിഡന്റും സെക്രട്ടറിയുമടക്കം ഏഴ് പേരെ പാര്‍ട്ടി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ മാറ്റി നിര്‍ത്തി പുതിയ ശാഖാ കമ്മിറ്റി രൂപവത്ക്കരിക്കാന്‍ പാര്‍ട്ടിയുടെ കണ്‍വന്‍ഷന്‍ തീരുമാനിച്ചിരുന്നു.
കുറ്റിച്ചറ ശാഖ മുസ്‌ലിംലീഗിന് 600 മെമ്പര്‍മാരാണുള്ളത്. ഇതില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമാണെന്നാണ് വിമതരുടെ പക്ഷം. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പല വാര്‍ഡുകളിലും വിഭാഗീയത രൂക്ഷമാണ്.
പള്ളിക്കണ്ടി, മങ്കാവ് തുടങ്ങിയ മേഖലയില്‍ ഇത് പ്രകടമാണ്. നേതൃത്വത്തെ വെല്ലുവിളിച്ച് കണ്‍വെന്‍ഷന്‍ നടന്നതോടെ പാര്‍ട്ടിയില്‍ നടപടിയും പിളര്‍പ്പും ഉറപ്പായി.