Connect with us

Kozhikode

കരീം വധം: വീണ്ടും തിരച്ചില്‍ ആവശ്യപ്പെട്ട് മാതാവ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു

Published

|

Last Updated

താമരശ്ശേരി: കൊല്ലപ്പെട്ട പ്രവാസി വ്യവസായി അടിവാരം എരഞ്ഞോണ അബ്ദുല്‍ കരീമി(48) ന്റെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി വീണ്ടും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് മാതാവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് അപേക്ഷ നല്‍കി.
നേരത്തെ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ അബ്ദുല്‍കരീമിന്റെതാണെന്ന് വ്യക്തമാകുന്നില്ലെന്ന ഡി എന്‍ എ പരിശോധനാ ഫലത്തെ തുടര്‍ന്നാണിത്. 2013 സെപ്തംബറിലാണ് കോരങ്ങാട്ടെ വീട്ടില്‍ വെച്ച് അബ്ദുല്‍ കരീം കൊല്ലപ്പെട്ടത്. സംഭവത്തില്‍ അബ്ദുല്‍ കരീമിന്റെ ഭാര്യ മൈമൂന (42) മക്കളായ മിദ്‌ലാജ് (24) ഫിര്‍ദൗസ് (21), മൈമൂനയുടെ സഹോദരിയുടെ മകന്‍ ഫായിസ്, അമ്പായത്തോട് സ്വദേശി റഫീഖ് എന്നിവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ക്ലോറോഫോം മണപ്പിച്ച് കൊന്നശേഷം മൈസൂരിലെ നെഞ്ചങ്കോട് കനാലില്‍ തള്ളിയതായും മൊഴി നല്‍കിയിരുന്നു. കനാലില്‍ നടത്തിയ പരിശോധനയില്‍ അബ്ദുല്‍ കരീമിന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം അസ്ഥികൂടം അബ്ദുല്‍ കരീമിന്റേതാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടന്ന ഡി എന്‍ എ പരിശോധനക്കു ശേഷം മൃതദേഹം അബ്ദുല്‍ കരീമിന്റേതാണോ എന്ന് വ്യക്തമല്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതിനിടെ കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് സി ഐ. പി ആര്‍ സതീശന്റെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം തയാറാക്കി അംഗീകാരത്തിനായി എ ഡി ജി പിക്ക് സമര്‍പ്പിച്ചെങ്കിലും ഒപ്പുവെച്ച് തിരിച്ചയച്ചിരുന്നില്ല. ഡി എന്‍ എ പരിശോധന അട്ടിമറിക്കപ്പെട്ടതായ ആരോപണത്തെ തുടര്‍ന്ന് ഹൈദറാബാദിലേക്ക് അയക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
14 മാസം കഴിഞ്ഞും മൃതദേഹം സംബന്ധിച്ച വ്യക്തത ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് അബ്ദുല്‍ കരീമിന്റെ മാതാവ് അഡ്വ. പി ടി എ റഹീം എം എല്‍ എ മുഖേന മൃതദേഹാവശിഷ്ടങ്ങള്‍ക്കായി വീണ്ടും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് അപേക്ഷ നല്‍കിയത്. മൃതദേഹം വീട്ടിനുള്ളില്‍ മറവ് ചെയ്തിരിക്കാമെന്നും പോലീസ് നിയന്ത്രണത്തിലുള്ള വീട്ടില്‍ പരിശോധന നടത്തണമെന്നുമാണ് അബ്ദുല്‍ കരീമിന്റെ ബന്ധുക്കളുടെ ആവശ്യം.

Latest