Connect with us

Palakkad

വടക്കഞ്ചേരി ഏരിയ, ലോക്കല്‍ കമ്മിറ്റികളില്‍ ഔദ്യോഗിക പക്ഷത്തിന് ആധിപത്യം

Published

|

Last Updated

പാലക്കാട്: സി പി എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഔദ്യോഗികപക്ഷത്തിന് ആധിപത്യം ഉറപ്പിച്ചു.
കഴിഞ്ഞ സമ്മേളനത്തില്‍ ആറ് ലോക്കല്‍ കമ്മിറ്റികള്‍ വി എസ് പക്ഷത്ത് നിന്നപ്പോള്‍ ഈ സമ്മേളനത്തില്‍ രണ്ട് ലോക്കല്‍ കമ്മിറ്റിമാത്രമായി വി എസ് പക്ഷം ചുരുങ്ങി. വടക്കഞ്ചേരി ഏരിയയിലേക്ക് കീഴില്‍ പുതുക്കോട്, കണ്ണമ്പ്ര ഒന്ന്, കണ്ണമ്പ്ര രണ്ട്, വടക്കഞ്ചേരി, മംഗലം, മുടപ്പല്ലൂര്‍, വണ്ടാഴി, മംഗലംഡാം, കിഴക്കഞ്ചേരി ഒന്ന്, കിഴക്കഞ്ചേരി രണ്ട് എന്നി പത്ത് ലോക്കല്‍ കമ്മിറ്റികളാണുള്ളത്. ഇതില്‍ മംഗലംഡാം ലോക്കല്‍ സമ്മേളനത്തില്‍ മാത്രമാണ് മത്സരം നടന്നത്. വണ്ടാഴി ലോക്കല്‍ കമ്മിറ്റിയില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒരംഗത്തെ പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ സമ്മേളനങ്ങളില്‍ വിഭാഗീയതയും അഴിമതി ആരോപണങ്ങളുമുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചൂടേറിയ ചര്‍ച്ചക്കും സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്ന അവസ്ഥയും രൂക്ഷമായിരുന്നു. എന്നാല്‍ ഇത്തവണ ചെറിയതോതിലുള്ള ചര്‍ച്ചകള്‍ മാത്രമായി സമാധാനപരമായിരുന്നു ലോക്കല്‍ സമ്മേളനങ്ങള്‍, മംഗലംഡാം, വണ്ടാഴി ലോക്കല്‍ കമ്മിറ്റികള്‍ മാത്രമാണ് വി എസ് പക്ഷം ആധിപത്യം നിലനിര്‍ത്തിയത്.
വണ്ടാഴി സി വി എം ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ പി ടി എ പ്രസിഡന്റായിരുന്ന കാലത്ത് ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തെ തുടര്‍ന്ന് വി എം രാജനെയാണ് കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. മംഗലംഡാം സമ്മേളനത്തില്‍ മേല്‍കമ്മിറ്റി നിര്‍ദേശിച്ച അംഗങ്ങള്‍ക്കെതിരെ നാലു പേരാണ് മത്സരിച്ചത്. മത്സരത്തില്‍ പാനലിലെ രാജേന്ദനെ പരാജയപ്പെടുത്തി സന്തോഷ് കമ്മിറ്റിയിലേക്ക് കയറി. പത്ത് ലോക്കല്‍ സെക്രട്ടറിമാരില്‍ പുതിയ സെക്രട്ടറിമാരായ ആറുപേര്‍ എത്തിയപ്പോള്‍ നാലു പേര്‍ പഴയവര്‍ തന്നെ തുടര്‍ന്നു. ഇതില്‍ രണ്ട് പേര്‍മാത്രമാണ് ആദ്യമായി സെക്രട്ടറിമാരാകുന്നത്. കണ്ണമ്പ്ര രണ്ടിലും കിഴക്കഞ്ചേരി ഒന്നിലുമാണ് പുതിയ സെക്രട്ടറിമാര്‍.
ബാക്കിയുള്ള എട്ട് ലോക്കല്‍ കമ്മിറ്റിയില്‍ നാലു സെക്രട്ടറിമാര്‍ പഴയവര്‍ തന്നെ തുടര്‍ന്നപ്പോള്‍ ബാക്കിയുള്ള നാലു കമ്മിറ്റി സെക്രട്ടറിമാര്‍ മുന്‍ സമ്മേളനങ്ങളില്‍ സെക്രട്ടറി സ്ഥാനം വഹിച്ചവര്‍ തന്നെതിരികെയെത്തുകയായിരുന്നു. പാര്‍ട്ടി പരിപാടികളും സമരങ്ങളിലും പങ്കാളിത്ത് കുറവ്, നേതാക്കളുടെ ജനകീയത നഷ്ടപ്പെടല്‍, വല്യേട്ടന്‍മനോഭാവം, ജനകീയ വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം തുടങ്ങിയവയാണ് സമ്മേളനങ്ങളില്‍ പ്രധാനമായും ചര്‍ച്ചക്കിടയില്‍ ഉയര്‍ന്ന വിഷയങ്ങള്‍. പലകമ്മിറ്റികളിലും സെക്രട്ടറിമാര്‍ മാറേണ്ടത് ആവശ്യകതയാണെന്നുള്ള പ്രചാരണം വലിയതോതില്‍ പാര്‍ട്ടി അംഗങ്ങളില്‍ ഉണ്ടായതിനാല്‍ മേല്‍കമ്മിറ്റി തന്നെ സെക്രട്ടറിമാരായി ഓരോത്തരുടെ പേരുകള്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതില്‍ മംഗലംഡാം ഒഴികെ എല്ലാ കമ്മിറ്റികളിലും ഐക്യകണ്ഠനേ അംഗീകരിക്കുകയായിരുന്നു.
ഔദ്യോഗിക പക്ഷത്തില്‍ മേല്‍കൈ ഉള്ള ഒരു പഞ്ചായത്തിലെ രണ്ട് കമ്മിറ്റി സെക്രട്ടറിമാരും വി എസ് പക്ഷക്കാരാണെങ്കിലും ഇവരെ ഐക്യകണ്ഠനേ അംഗീകരിക്കുകയായിരുന്നു. യുവാക്കള്‍ക്കും വര്‍ഗബഹുജന സംഘടനാ നേതാക്കള്‍ക്കും പ്രധാന്യം നല്‍കണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം വലിയ തോതിലാണ് വടക്കഞ്ചേരി ഏരിയ, ലോക്കല്‍ കമ്മിറ്റികളില്‍ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ഡി വൈ എഫ്, എസ് എഫ് ഐ, മഹിളാ അസോസിയേഷന്‍ തുടങ്ങി സംഘടനകളിലെ നേതൃത്വം വഹിക്കുന്നവരെല്ലാം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായി പി ഗംഗാധരന്‍( വടക്കഞ്ചേരി), കെ ഗോവിന്ദന്‍(മംഗലം), സി കെ നാരായണന്‍ (കണ്ണമ്പ്ര ഒന്ന്), എം കെ സുരേന്ദ്രന്‍( കണ്ണമ്പ്ര രണ്ട്), എം കെ ചന്ദ്രന്‍ (പുതുക്കോട്), സി സുദേവന്‍( കിഴക്കഞ്ചേരി ഒന്ന്), വി രാധാകൃഷ്ണന്‍( കിഴക്കഞ്ചേരി രണ്ട്), എ വാസുദേവന്‍ ( മുടപ്പല്ലൂര്‍), എം രാജേഷ്( വണ്ടാഴി), എം കെ ഉണ്ണികൃഷ്ണന്‍( മംഗലംഡാം) എന്നിവരെയാണ് തിരെഞ്ഞടുക്കപ്പെട്ടത്. നിലവിലെ ഏരിയാ സെക്രട്ടറിയായ സി കെ ചാമുണ്ണി അഞ്ച് തവണ സെക്രട്ടറി സ്ഥാനം വഹിച്ചതിനാല്‍ രണ്ട്, മൂന്ന് തീയതികളിലായി കണ്ണമ്പ്ര യില്‍ നടക്കുന്ന ഏരിയാ സമ്മേളനത്തില്‍ മാറുമെന്നാണ് സൂചന.

Latest