Connect with us

Malappuram

ശുഭ്ര സാഗരം തീര്‍ത്ത് ജില്ലാ മുതഅല്ലിം സമ്മേളനത്തിന് സമാപനം

Published

|

Last Updated

എടപ്പാള്‍: ആയിരത്തിലധികം മത വിദ്യാര്‍ഥികള്‍ അണിനിരന്ന ഉജ്ജ്വല പ്രകടനത്തോടെ മലപ്പുറം ജില്ലാ മുതഅല്ലിം സമ്മേളനത്തിന് പ്രൗഢ സമാപനം. അറിവും സമരവും ചിന്തയും കോര്‍ത്തിണക്കി പ്രബോധന മുന്നേറ്റവഴിയില്‍ പുതിയ ദിശാബോധം തീര്‍ത്താണ് കോണ്‍ഫറന്‍സ് സമാപിച്ചത്.
അഗോളതലത്തില്‍ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്കും ധൈഷണിക നീക്കങ്ങള്‍ക്കും ചെറുത്തു നില്‍പ്പിന്റെ സമരവഴികള്‍ തീര്‍ത്ത മഖ്ദൂംമാരുടെ ചാരത്ത് നടന്ന പുതിയ കാലത്തിന്റെ മതപഠിതാക്കളുടെ സംഗമം പ്രസ്ഥാന മുന്നേറ്റ വഴിയുടെ കരുത്തുറ്റ ഈടുവെപ്പായി തീരുകയായിരുന്നു. ഉദ്ഘാടന സമ്മേളന ശേഷം അല്‍ ജമാഅ, സിറാതുല്‍ മുസ്തഖീം, അദ്ധഅ്‌വ എന്നീ വിഷയങ്ങളില്‍ പഠന ക്ലാസുകളും ചര്‍ച്ചകളും നടന്നു. നിരന്തര പഠനമാണ് വരും കാലത്ത് മത പ്രചാരണത്തിന്റെ പരിശീലന വഴിയെന്നും രാഷ്ട്ര നിര്‍മാണ പക്രിയകളില്‍ പൂര്‍വ്വിക പോരാളികള്‍ സര്‍പ്പിച്ച ത്യാഗവഴികള്‍ പുതുസമൂഹത്തിന് കരുത്താകണമെന്നും കോണ്‍ഫറന്‍സ് ഉദ്‌ഘോഷിച്ചു.
“സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് 60- ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടുവട്ടം വിവ പാലസില്‍ മുതഅല്ലിം കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഹബീബ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഗുരുവര്യരില്‍ നിന്നുള്ള അറിവിനെ സമരായുധമാക്കി സമന്വയ കേന്ദ്രങ്ങളിലും ക്യാമ്പസുകളിലും ധാര്‍മികവും ആദര്‍ശാധിഷഠിതവുമായ വിപ്ലവങ്ങള്‍ തീര്‍ക്കാനുള്ള അവേശത്തോടെയാണ് കോണ്‍ഫറന്‍സ് സമാപിച്ചത്. ഹബീബ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബൂഖാരി ഉദ്ഘാടനം ചെയ്തു.
മഞ്ഞപറ്റ ഹംസ മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ,എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, സയ്യിദ് സീതിക്കോയ തങ്ങള്‍, അബ്ദുഹാജി വേങ്ങര, സിദ്ദീഖ് ഹാജി ചെമ്മാട്, കുഞ്ഞാപ്പു ഹാജി ആനക്കര, കെ സൈനദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി സംസാരിച്ചു. എ ശിഹാബുദ്ദീന്‍ സഖാഫി സ്വാഗതവും വാരിയത്ത് മുഹമ്മദലി നന്ദിയും പറഞ്ഞു.