പാഴ് വസ്തുക്കളില്‍ നിന്ന് അലങ്കാര ഉത്പന്നങ്ങളൊരുക്കി രമ്യയും ബേബിയും

Posted on: November 30, 2014 11:01 am | Last updated: November 30, 2014 at 11:01 am

തിരൂര്‍: വലിച്ചെറിയുന്ന പാഴ് വസ്തുക്കളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഉപയോഗിച്ച് വിസ്മയ കാഴ്ചകള്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയിലെ വേറിട്ട കാഴ്ചയായി. പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും വീട്ടുപകരണങ്ങള്‍ മുതല്‍ സ്വിച്ച്‌ബോര്‍ഡും ഫഌവര്‍വൈസ് വരെയും നിര്‍മിക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് വയനാട് തിരുനെല്ലി ഗവ. ആശ്രമം ഹൈസ്‌കൂളിലെ രമ്യയും ബേബിയും.
പഴകിയതും ഒഴിവാക്കുന്നതുമായ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ശേഖരിച്ച് ഉരുക്കിയ ശേഷം തണുപ്പിച്ച് മെഴുക് പരുവത്തില്‍ രൂപപ്പെടുത്തിയ ശേഷമാണ് വൈവിധ്യമാര്‍ന്ന കരവിരുതുകള്‍ ഇവര്‍ ഒരുക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കുന്ന ഓരോ വസ്തുക്കളും ഈടും ബലവുമുള്ളതായാണ് രൂപകല്‍പ്പന ചെയ്യുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് നിര്‍മിച്ച വിവിധ തരം പാത്രങ്ങളും ഫര്‍ണിച്ചറുകളും, വീട്ടുപകരണങ്ങളുമായാണ് ഈ കുട്ടികള്‍ മത്സരത്തിനായി എത്തിയത്. ആല്‍ബത്തിന്റെ ചട്ടയും പേജുകളും, സ്വിച്ച് ബോര്‍ഡ്, വെള്ളം കോരാനുള്ള കപ്പി തുടങ്ങി ടൈല്‍സും ഇന്റര്‍ലോക്കും വരെയുളള നിരവധി ഉപകരണങ്ങളും മത്സരത്തില്‍ വേറിട്ട കാഴ്ചയായി.
സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ യു പി വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രൊജക്ടില്‍ എ ഗ്രൈഡോടു കൂടി ഒന്നാം സ്ഥാനം നേടിയ നിര്‍വൃതിയിലാണ് രമ്യയും ബേബിയും. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സംസ്‌കരണവും പുനരുപയോഗവും എന്ന വിഷയത്തിലായിരുന്നു മത്സരം. അടിയ പണിയ വിഭാഗത്തില്‍പ്പെട്ട രമ്യ ബി ആര്‍, ബേബി എം എന്നിവര്‍ ഏഴ്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്. സ്‌കൂളിലെ സയന്‍സ് അധ്യാപകനായ ടി അശോകനാണ് കുട്ടികളുടെ പരിശീലകന്‍.