സിഗരറ്റിന് നിയന്ത്രണം

Posted on: November 30, 2014 4:44 am | Last updated: November 29, 2014 at 11:45 pm

പുകയില ഉത്പാദനത്തില്‍ ലോകത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്തും. രാജ്യത്ത് പതിനൊന്ന് കോടി പുകവലിക്കാരുണ്ടെന്നാണ് ഒരു സര്‍വേയില്‍ കണ്ടെത്തിയ പുതിയ കണക്ക്. ലോകത്താകെയുള്ള പുകവലിക്കാരില്‍ 12 ശതമാനം പേര്‍ ഇന്ത്യയിലാണ്. 2009ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം 9 ലക്ഷംപേര്‍ പുകയില ജന്യരോഗങ്ങളാല്‍ മരിക്കുന്നുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ പുകവലിക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി ജെ പി നദ്ദ രാജ്യസഭയില്‍ വ്യക്തമാക്കി. പുകയില ഉപഭോഗം എങ്ങനെ കുറയ്ക്കാനാകും എന്നത് സംബന്ധിച്ച് ഡല്‍ഹി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രമേഷ് ചന്ദ്ര അധ്യക്ഷനായി കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം അംഗീകരിക്കുകയായിരുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് പായ്ക്കറ്റിന്റെ 80 ശതമാനം വലുപ്പത്തില്‍ രേഖപ്പെടുത്തുക, ഈ നിബന്ധന പാലിക്കാത്ത കമ്പനികളില്‍ നിന്ന് അരലക്ഷം രൂപ പിഴയായി ഈടാക്കുക, പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന നിബന്ധന പാലിക്കാത്തവരില്‍ നിന്ന് 20,000 രൂപ പിഴയായി വസൂലാക്കുക, 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കരുത്(നേരത്തെ ഈ പ്രായപരിധി 18 വയസ്സായിരുന്നു) തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇപ്പോള്‍ ചില്ലറയായും പാക്കറ്റായും സിഗരറ്റ് ലഭിക്കും. ചില്ലറ വില്‍പ്പന നിരോധിക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക് പാക്കറ്റ് വാങ്ങാതെ പറ്റില്ലെന്ന് വരും. 10 രൂപ വിലയുള്ള സിഗരറ്റിന്റെ ഒരു പായ്ക്കറ്റ് വാങ്ങാന്‍ ചുരുങ്ങിയത് 100 രൂപ വേണ്ടിവരും. കീശയിലെ കാശ് എളുപ്പം തീരുമെന്നതിനാല്‍ സാധാരണക്കാരായ പുകവലിക്കാര്‍ക്ക് അത്രയും തുക മുടക്കാന്‍ ശേഷിയുണ്ടാകില്ല. പുതുതായി പുകവലിയിലേക്ക് ഇറങ്ങിത്തിരിക്കാനും ആളുകള്‍ മടിക്കും. ഇതെല്ലാം സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിക്കാന്‍ കാരണമാണ്. പുകവലിക്കുന്നവരെ മാത്രമല്ല, അവര്‍ വലിച്ചുതള്ളുന്ന പുക ശ്വസിക്കുന്നവരും പുകവലിയുടെ എല്ലാവിധ ദോഷങ്ങള്‍ക്കും മനസ്സറിയാതെ തന്നെ ഇരയാകുന്നു.
പുകവലി, മദ്യപാനം, അഴിമതി, അക്രമവാസന തുടങ്ങിയവയെല്ലാം കൂടപ്പിറപ്പുകളാണ്. സുഹൃത്തുക്കളുമായി ഒത്തുചേരുമ്പോള്‍ ഒരു രസത്തിന് വേണ്ടിയാണ് പുകവലിയും മദ്യപാനവും മറ്റ് ദുശ്ശീലങ്ങളും തുടങ്ങുന്നതെങ്കിലും ദിവസങ്ങള്‍ പിന്നിടുമ്പോഴേക്ക് അതൊരു ശീലമായി മാറുന്നു. ഇവ അധികം വൈകാതെ ഉപയോക്താവിനെ അടിമയാക്കുന്നു. ക്രമേണ മയക്കുമരുന്നുകളിലേക്കും ആളുകളെ നയിക്കുന്നു. ഇവ കിട്ടാതെ വരുമ്പോള്‍ ആളുകള്‍ ഉന്മാദാവസ്ഥയിലാകുന്നു. ഈ അവസ്ഥയില്‍ എന്തും ചെയ്യാന്‍ ഇവര്‍ മുതിരുന്നു. ഇത് കൊലപാതകമടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങളിലേക്ക് അവരെ നയിക്കുന്നു. മയക്കുമരുന്ന് മാഫിയകള്‍ ഇത്തരക്കാരെ ഉപയോഗപ്പെടുത്തിയാണ് ലഹരിയുടെ സാമ്രാജ്യം വിപുലീകരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെ പോലും മാരകമായ മയക്കുമരുന്നുകള്‍ക്ക് അടിമപ്പെടുത്തുന്നു. ഇന്ത്യയില്‍ പുകയില ഉത്പന്നങ്ങളുടെ 27 ശതമാനത്തിന്റെയും ഉപഭോക്താക്കള്‍ 14-24 പ്രായപരിധിയിലുള്ളവരാണ്. പുകവലിയില്‍ നിന്നും പുരുഷന്മാര്‍ പിന്നോട്ടടിക്കുമ്പോള്‍, സ്ത്രീകളുടെ എണ്ണം കൂടിവരുന്നു എന്ന വസ്തുത ആരിലും ആശങ്കയുളവാക്കുന്നതാണ്. 2008 ഒക്‌ടോബര്‍ രണ്ടിനാണ് രാജ്യത്ത് ആദ്യമായി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചത്. കുറച്ചുകാലം നിയമം ഫലപ്രദമായി നടപ്പാക്കിയെങ്കിലും ക്രമേണ അതും വഴിപാടായി മാറി. ഇതിനകം ഈ നിയമത്തിലെ പഴുതുകള്‍ അവര്‍ കണ്ടെത്തിയിരുന്നു. പുകവലി വരുത്തിവെക്കുന്ന ക്യാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കായി രാഷ്ട്ര ഖജനാവില്‍ നിന്നും പ്രതിമാസം ചെലവിടുന്നത് 13,500 കോടി രൂപയാണ്. പുകയില വിപണിയില്‍ നിന്നും നികുതി ഇനത്തില്‍ ലഭിക്കുന്നതിലും ഭീമമായ സംഖ്യയാണ് ചികിത്സക്കായി സര്‍ക്കാര്‍ ചെലവിടുന്നത്. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കേണ്ടത് ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ താത്പര്യമുള്ള ഭരണാധികാരികളുടെ ചുമതലയാണ്.
ഓരോ വര്‍ഷവും പത്ത് ശതമാനം വീതം മദ്യഷാപ്പുകള്‍ പൂട്ടുക, പത്ത് വര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുക എന്നതാണ് തന്റെ സര്‍ക്കാറിന്റെ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പുകയില നിരോധനത്തില്‍ ഇങ്ങനെ ഒരു നയസമീപനം കേന്ദ്ര സര്‍ക്കാറിനുണ്ടോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. സമൂഹനന്മ ലക്ഷ്യമിട്ടുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ തന്നെ, ഇത്തരം നടപടികള്‍ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും അന്നം മുട്ടിച്ചുകൊണ്ടാകരുത് എന്ന കാര്യവും ഭരണാധികാരികള്‍ ശ്രദ്ധിക്കണം.