Connect with us

National

അലിഗഢ് യൂനിവേഴ്‌സിറ്റിയിലെ വിവാദ ജന്‍മദിനാഘോഷം ബി ജെ പി ഉപേക്ഷിച്ചു

Published

|

Last Updated

അലിഗഢ്: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ രാജാ മഹേന്ദ്ര പ്രതാപിന്റെ ജന്‍മദിനം ആഘോഷിക്കാനുള്ള പദ്ധതി ബി ജെ പി ഉപേക്ഷിച്ചു. മഹേന്ദ്ര പ്രതാപിന്റെ സംഭാവനകളെ സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് വാഴ്‌സിറ്റി അധികൃതര്‍ പ്രഖ്യാപിച്ചതോടെയാണിത്.
മഹേന്ദ്ര പ്രതാപെന്ന സ്വാതന്ത്ര്യ സമര സേനാനി രാഷ്ട്ര നിര്‍മാണത്തിന് അര്‍പ്പിച്ച സംഭാവനകളെ സംബന്ധിച്ച് പ്രത്യേക സെമിനാര്‍ നടത്തുമെന്ന് വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചതിനാല്‍ ഏറ്റുമുട്ടലിനില്ലാതെ തീരുമാനം പിന്‍വലിക്കുകയാണെന്ന് അലിഗഢിലെ ബി ജെ പി. എം പി സതീഷ് ഗൗതം പറഞ്ഞു. മഹേന്ദ്ര പ്രതാപിന്റെ 128 ാം ജന്മദിനമായ തിങ്കളാഴ്ച യൂനിവേഴ്‌സിറ്റി ഗേറ്റില്‍ വെച്ച് യോഗം ചേരില്ലെന്ന് ബി ജെ പി ഉറപ്പ് നല്‍കിയതായി വി സി ലെഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ പറഞ്ഞു. മുന്‍കാലങ്ങളില്‍ ഉള്ളത് പോലെ ജന്‍മദിനാഘോഷം രാജാ മഹേന്ദ്ര പ്രതാപ് പാര്‍ക്കില്‍ നടക്കുമെന്നാണ് അറിയിപ്പ് ലഭിച്ചത്. ഇക്കാര്യത്തില്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെ സംബന്ധിച്ച് സെമിനാര്‍ നടത്തും. അതിന്റെ തീയതി വൈകാതെ പ്രഖ്യാപിക്കും. മഹേന്ദ്ര പ്രതാപിന്റെ സംഭാവനകള്‍ ജനമറിയാതെയിരിക്കുകയാണ്. ഏറെ ഓര്‍ക്കപ്പെടേണ്ട സംഭാവനകളാണ് അദ്ദേഹത്തിന്റെത്. സര്‍വകലാശാലയുടെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ് അദ്ദേഹം. ഈ സ്ഥാപനത്തിന്റെ സ്ഥാപക പിതാക്കളുമായി അദ്ദേഹത്തിന്റെ കുടുംബത്തിന് ബന്ധമുണ്ടെന്നത് അഭിമാനത്തിന് വക നല്‍കുന്നതാണ്. അക്കാലത്തെ മുസ്‌ലിം പണ്ഡിതരായ മൗലാന മഹ്മൂദുല്‍ ഹസന്‍, മൗലാന ഉബൈദുല്ല സിന്ധി തുടങ്ങിയവരുമായി മഹേന്ദ്ര പ്രതാപിന് ബന്ധമുണ്ടായിരുന്നു. സില്‍ക് ലെറ്റര്‍ മൂവ്‌മെന്റിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വലിയ പങ്കാണുള്ളത്. വി സി ചൂണ്ടിക്കാട്ടി. സതീഷ് ഗൗതം എം പി കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയുടെ കത്ത് വി സിക്ക് കൈമാറിയത്.
ഈ വിഷയം ചൂണ്ടിക്കാട്ടി അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ് നല്‍കി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് വൈസ് ചാന്‍സലര്‍ കത്തെഴുതിയിരുന്നു.
രാഷ്ട്രീയ ചതുരംഗക്കളി ഗുരുതരമായ പ്രശ്‌നങ്ങളിലാണ് കലാശിക്കുകയെന്ന് വി സി സമീറുദ്ദീന്‍ ഷാ അയച്ച കത്തില്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ പേര് കത്തില്‍ പരാമര്‍ശിക്കുന്നില്ല. പ്രമുഖ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ പരിപാടി നടത്തുമെന്ന് ചിലര്‍ പ്രഖ്യാപിക്കുകയും ഒരു വിഭാഗം ഇതിനെ എതിര്‍ക്കുകയും ചെയ്തതിനാല്‍ പ്രശ്‌നമുണ്ടാകുമെന്ന ഭീഷണിയിലാണ് തങ്ങള്‍. ഇത്തരം രാഷ്ട്രീയ കളികള്‍ അനുവദിക്കുന്നത് ഗുരുതര പ്രശ്‌നമുണ്ടാക്കും. കത്തില്‍ പറഞ്ഞു. നേരത്തെ ബി ജെ പി, എ ബി വി പി നേതാക്കളുമായി ഈ വിഷയം വി സി ചര്‍ച്ച ചെയ്തിരുന്നു. ജാട്ട് രാജാവായി കണക്കാക്കുന്ന രാജാ മഹേന്ദ്ര പ്രതാപിന്റെ ജന്‍മദിനം ആഘോഷിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബജ്പയ് ആണ് പ്രഖ്യാപിച്ചത്. സര്‍വകലാശാലക്ക് വേണ്ട ഭൂമി അദ്ദേഹമാണ് സംഭാവന ചെയ്തത്. ഇതിനെ എസ് പി എതിര്‍ത്തതോടെ രാഷ്ട്രീയ വിഷയമാകുകയായിരുന്നു. പരിപാടിക്ക് അനുമതി നല്‍കില്ലെന്ന് സര്‍വകലാശാല തീരുമാനിച്ചിരുന്നു.