സൂരജിന് കൂടുതല്‍ സ്വത്തുക്കള്‍; കണക്കുകളില്‍ പൊരുത്തകേട്

Posted on: November 30, 2014 4:19 am | Last updated: November 29, 2014 at 11:21 pm

soorajതിരുവനന്തപുരം: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന് കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ വേറെയുമുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചു. സര്‍ക്കാറിന് സമര്‍പ്പിച്ച സ്വത്ത് വിവര പട്ടികയില്‍ പൊരുത്തക്കേടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. യഥാര്‍ഥ ആസ്തിയും സര്‍ക്കാറിന് സമര്‍പ്പിച്ച പട്ടികയും തമ്മില്‍ വലിയ അന്തരമുണ്ട്. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പിനോട് വിജിലന്‍സ് വിശദാശംങ്ങള്‍ ആരാഞ്ഞു. മംഗലാപുരത്ത് മകന്റെ പേരില്‍ ഫഌറ്റ് വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. നേരത്തെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെ സൂരജ് നല്‍കിയ കരാറുകളിലും അന്വേഷണം തുടങ്ങി. തൃശൂര്‍ സ്വദേശി മുരളീധരന്റെ പരാതിയിലാണ് അന്വേഷണം. 1989 മുതല്‍ ഐ എ എസിലേക്കുള്ള പ്രമോഷന്‍ നടപടികള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും സൂരജിനെതിരെ 1989 മുതലുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തേടണമെന്നും ആവശ്യപ്പെട്ടാണ് മുരളീധരന്‍ ഹരജി നല്‍കിയത്. നേരിട്ടുള്ള റിക്രൂട്ട്‌മെന്റിലൂടെ ഡപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ കയറിയതാണു സൂരജും ഹരജിക്കാരനും.

വിജിലന്‍സ് കേസുകളും വകുപ്പുതല അന്വേഷണവും നിലനില്‍ക്കെയാണ് സൂരജിന് പ്രമോഷന്‍ വഴി ഐ എ എസ് നല്‍കിയതെന്നും സൂരജിന്റെ ഇടപെടലിനെ തുടര്‍ന്ന് തന്നെ കള്ളക്കേസില്‍ കുടുക്കി പ്രമോഷന്‍ തടയുകയായിരുന്നുവെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു. ലാന്‍ഡ് റവന്യൂകമ്മീഷണര്‍ ആയിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും പരാതിയിലുണ്ട്. കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെ ആയിരത്തിലധികം കോടി രൂപയുടെ നിര്‍മാണ കരാറുകള്‍ നല്‍കിയതില്‍ സുതാര്യതയില്ലെന്നാണ് കണ്ടെത്തല്‍. കരാര്‍ നേടിയിരുന്ന മൂന്ന് കമ്പനികളില്‍ ബിനാമി പങ്കാളിത്തമുണ്ടായിരുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാതെയാണ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയത്. പലപ്പോഴും സുതാര്യമല്ലാതെയാണ് ടെന്‍ഡര്‍ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ സുതാര്യവും മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതുമല്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനും സി എജിയും റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്ന കരാറുകാരുടെ സംഘടന നല്‍കിയ പരാതിയും വിജിലന്‍സിന്റെ പക്കലുണ്ട്.
സെഗൂര, ബെഗൂറ, ഗ്രീന്‍ വര്‍ത്ത് എന്നീ നിര്‍മാണ കമ്പനികള്‍ക്കാണ് സ്ഥിരമായി കരാറുകള്‍ ലഭിച്ചിരുന്നത്. ഇവയില്‍ സൂരജിന്റെ ബിനാമി പങ്കാളിത്തവും വിജിലന്‍സ് സംശയിക്കുന്നുണ്ട്. കൊച്ചി ആസ്ഥാനമായ ഒരു പാര്‍പ്പിട നിര്‍മാണ കമ്പനിയില്‍ സൂരജിന് പങ്കുണ്ടെന്ന പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. പഠനാവശ്യത്തിനായി മംഗലാപുരത്ത് താമസിച്ചപ്പോഴാണ് മകന് ഫഌറ്റ് വാങ്ങിയത്.
മകന്‍ മംഗലാപുരത്ത് എവിടെയാണ് താമസിച്ചതെന്ന് വിജിലന്‍സ് നേരത്തെ ചോദിച്ചിരുന്നെങ്കിലും സുഹൃത്തിന്റെ ഫഌറ്റിലാണെന്ന മറുപടിയാണ് ലഭിച്ചത്.
പിന്നീട് മംഗലാപുരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫഌറ്റ് വാങ്ങിയത് സ്ഥിരീകരിച്ചത്. ഇതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വിജിലന്‍സ് നേരത്തെ കണ്ടെത്തിയ ആസ്തികളേക്കാള്‍ നാലിടങ്ങളില്‍ കൂടി വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ കണക്കെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മംഗാലാപുരത്തെ ഫഌറ്റിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. കൊച്ചി രാജഗിരിയിലെ ഭൂമിക്കും വെയര്‍ഹൗസിനും മാത്രം ഒന്നേകാല്‍ കോടിയോളം വില വരുമെന്നാണ് വിജിലന്‍സ് കണക്കാക്കിയിരിക്കുന്നത്. ഇതിനു പുറമെ 70 ലക്ഷവും 89 ലക്ഷവും വിലയുള്ള രണ്ട് ഫഌറ്റുകള്‍ എറണാകുളത്ത് തന്നെയുണ്ട്. അതേസമയം ടി ഒ സൂരജിന്റെ ആസ്തി വിവരങ്ങളെക്കുറിച്ച് അറിയിക്കാന്‍ രജിസ്‌ട്രേഷന്‍ ഐ ജിക്കു വിജിലന്‍സ് കത്തുനല്‍കി.