കെ എസ് ആര്‍ ടി സി എന്ന പേരിനായി കേരളം നിയമനടപടിക്ക്

Posted on: November 30, 2014 5:42 am | Last updated: November 30, 2014 at 10:10 am

KSRTC-LOGOതിരുവനന്തപുരം: ജീവനക്കാര്‍ക്കുള്ള ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും നല്‍കാന്‍ നെട്ടോട്ടമോടുന്ന കെ എസ് ആര്‍ ടി സിയുടെ പേര് കര്‍ണാടകം കൊണ്ടു പോയി. കെ എസ് ആര്‍ ടി സി എന്ന പേര് ട്രേഡ് മാര്‍ക്കിലൂടെ സ്വന്തമാക്കിയ കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഇനി ആ പേര് ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്ന് ചൂണ്ടിക്കാട്ടി കേരളത്തിന് കത്തും നല്‍കി. ഇതിനെതിരെ നിയമ പോരാട്ടം നടത്താനൊരുങ്ങുകയാണ് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. അടുത്തിടെയാണ് കര്‍ണാടക സര്‍ക്കാര്‍ ട്രേഡ് മാര്‍ക്ക് രജിസ്ട്രാറില്‍ നിന്ന് കെ എസ് ആര്‍ ടി സി എന്ന പേര് സ്വന്തമാക്കി ട്രേഡ് മാര്‍ക്ക് നേടിയത്. ഇതേത്തുടര്‍ന്ന് ഈ പേര് കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് മാത്രമുള്ളതാണെന്നും കെ എസ് ആര്‍ ടി സി എന്ന പേര് കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഉപയോഗിക്കരുതെന്നും കഴിഞ്ഞ ദിവസമാണ് കര്‍ണാടകം കേരളത്തോട് ആവശ്യപ്പെട്ടത്.
ട്രേഡ് മാര്‍ക്ക് കേരളത്തിന് നല്‍കിയില്ലെങ്കില്‍ ദേശീയ ട്രേഡ് മാര്‍ക്ക് രജിസ്ട്രിയെ സമീപിക്കുമെന്ന് കെ എസ് ആര്‍ ടി സി. എം ഡി ആന്റണി ചാക്കോ അറിയിച്ചു. രജിസ്ട്രിയില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കെ എസ് ആര്‍ ടി സി ആലോചിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്തത് തിരിച്ചടിയായത് കണക്കിലെടുത്ത് വേണാട്, മലബാര്‍, തിരുക്കൊച്ചി എന്ന പേരും രജിസ്റ്റര്‍ ചെയ്യും. ഗരുഡ എന്ന പേരിന് ആന്ധ്രാപ്രദേശ് വാണിജ്യമുദ്ര നേടിയ സാഹചര്യത്തില്‍ ആദ്യം മുതല്‍ ഇത് ഉപയോഗിച്ചുവരുന്നത് തങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയും വാണിജ്യമുദ്രക്കായി രജിസ്ട്രിയെ സമീപിക്കും.
കഴിഞ്ഞ ഡിസംബറിലാണ് കെ എസ് ആര്‍ ടി സി വാണിജ്യമുദ്രക്ക് വേണ്ടി കര്‍ണാടകം ട്രേഡ് മാര്‍ക്ക് രജിസ്ട്രാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. നാല് മാസം മുമ്പ് അനുമതി ലഭിച്ചു. 1953 മുതലാണ് കേരളം സര്‍വീസ് ആരംഭിച്ചത്. കര്‍ണാടകം 1973ലാണ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍, എപ്പോള്‍ സര്‍വീസ് തുടങ്ങി എന്നതിനല്ല പ്രാധാന്യമെന്നും നിയമപരമായി രജിസ്റ്റര്‍ ചെയ്തത് തങ്ങളായതിനാല്‍ ട്രേഡ് മാര്‍ക്ക് വിട്ടു നല്‍കാനാകില്ല എന്നുമാണ് കര്‍ണാടകം ഉയര്‍ത്തുന്നത്.
കെ എസ് ആര്‍ ടി സിയുടെ ബ്രാന്‍ഡ് നാമം നഷ്ടപ്പെട്ട് നാല് മാസം കഴിഞ്ഞിട്ടും അത് നിലനിര്‍ത്താന്‍ കെ എസ് ആര്‍ സി അധികൃതര്‍ ഒരു നീക്കവും നടത്തിയിരുന്നില്ല. കോര്‍പറേഷന്റെ പേര് മറ്റാര്‍ക്കും സ്വന്തമാക്കാനാകില്ലെന്നാണ് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.
സാമ്പത്തിക ബാധ്യതയില്‍ നട്ടം തിരിയുന്ന കെ എസ് ആര്‍ ടി സിക്ക് ഇരുട്ടടിയായിരിക്കുകയാണ് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ നടപടി. സാമ്പത്തിക പരാധീനത കാരണം പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സാമൂഹിക സേവനം എന്ന നിലയില്‍ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നും അങ്ങനെ ചെയ്താല്‍ മറ്റു വികസനത്തിന് പണമില്ലാതെ വരുമെന്നും ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാറിനെ സമീപിക്കരുതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ  തുമ്പില്ലാത്ത 100 കോടി; ഉത്തരവാദിയാര്?