ദുബൈ കാര്‍ റാലിക്കിടെ മലയാളി ഓടിച്ചകാര്‍ അപകടത്തില്‍പെട്ടു

Posted on: November 29, 2014 3:00 pm | Last updated: November 29, 2014 at 3:17 pm

ഷാര്‍ജ: ദുബൈയില്‍ ആരംഭിച്ച രാജ്യാന്തര കാര്‍ റാലിക്കിടെ മലയാളിയായ നിഷാദ് ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു. ഇതേ തുടര്‍ന്ന് അദ്ദേഹം മത്സര രംഗത്തു നിന്നു പിന്മാറി. അതേ സമയം മറ്റു മലയാളികളായ സനീം, മന്‍സൂര്‍ എന്നിവര്‍ ആറ് റൗണ്ട് പൂര്‍ത്തിയാക്കി. റാലി ഇന്ന് അവസാനിക്കും.

ഇരുവര്‍ക്കും ഇന്നത്തെ ഓട്ടം നിര്‍ണായകമാണ്. തൃശൂര്‍ സ്വദേശിയായ നിഷാദ് ഓടിച്ച ഫോര്‍ഡ് തീസ്റ്റ കാറാണ് അപകടത്തില്‍പെട്ടത്. അദ്ദേഹത്തിനു പരുക്കില്ല. ഇന്നലത്തെ അവസാന റൗണ്ട് നടന്നത് ദൈദിലായിരുന്നു. മരുഭൂമിയിലൂടെയായിരുന്നു ഓട്ടം. റാലി കാണാന്‍ മരുഭൂമിയിലും നിരവധിപേര്‍ എത്തിയിരുന്നു. ദുബൈ അക്കാഡമി സിറ്റി പരിസരത്താണ് രാവിലെ റാലി ഫഌഗ് ഓഫ് ചെയ്തത്. ഏറെ പ്രതീക്ഷയോടെയായിരുന്നു നിഷാദ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച അപകടം അദ്ദേഹത്തെ നിരാശനാക്കി. അതേസമയം സനീമും, മന്‍സൂറും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ ഓട്ടക്കാര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.