Connect with us

Gulf

ഗള്‍ഫില്‍ മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞെന്ന് പരിസ്ഥിതി മന്ത്രി

Published

|

Last Updated

അബുദാബി: അറേബ്യന്‍ ഗള്‍ഫില്‍ മത്സ്യ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നതായി യു എ ഇ പരിസ്ഥിതി മന്ത്രി ഡോ. റാശിദ് ബിന്‍ ഫഹദ് വ്യക്തമാക്കി. 1975 മുതല്‍ 2011 വരെയുള്ള കാലത്ത് മത്സ്യ സമ്പത്തില്‍ 88 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ ദുബൈയില്‍ നിന്നുള്ള അംഗത്തിന്റെ ചോദ്യത്തിനാണ് മന്ത്രി ഉത്തരം നല്‍കിയത്.

മത്സ്യത്തൊഴിലാളികളുടെ എണ്ണത്തില്‍ സംഭവിച്ച വര്‍ധനവാണ് കൂടുതല്‍ മത്സ്യം ചൂഷണം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചത്. ഇതാണ് മത്സ്യ സമ്പത്ത് കുറയാന്‍ പ്രധാന കാരണം. 5,593 മത്സ്യത്തൊഴിലാളികളുണ്ടായിരുന്ന സ്ഥാനത്ത് 2011ല്‍ അത് 24,765 ആയി ഉയര്‍ന്നിരിക്കയാണ്. മത്സ്യ സമ്പത്ത് കുറയുന്നതിന് തടയിടാന്‍ നിയമനിര്‍മാണം ഉള്‍പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. നടപടികളുടെ ഭാഗമായി രണ്ട് രീതികള്‍ അവലംഭിച്ചേ മീന്‍ പിടിക്കാവൂവെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വലയോ, പരമ്പരാഗത കൂടുകളോ ഉപയോഗിച്ച് മാത്രമേ മീന്‍ പിടിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അമിതമായി മീന്‍ പിടിക്കുന്നതിനെതിരായി എഫ് എന്‍ സി ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇത് അത്യന്തികമായി മത്സ്യത്തൊഴിലാളികളുടെ നിലനില്‍പിന് തന്നെ ഭീഷണിയായേക്കും. എന്നാല്‍ ഇത്തരം രീതികള്‍ നീതീകരിക്കാന്‍ സാധിക്കാത്തതാണെന്നായിരുന്നു ദുബൈയില്‍ നിന്നുള്ള അംഗവും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നേതാവുമായിരുന്ന ഹമാദ് അല്‍ റഹൂമിയുടെ വാദം. ഈ രണ്ടു രീതിയില്‍ മാത്രമേ മീന്‍ പിടിക്കാവൂവെന്ന് പറയുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമുണ്ടാക്കും. മത്സ്യം ലഭിക്കുന്നതിന് ഈ രണ്ട് രീതികളിലും മാത്രം മത്സ്യത്തൊഴിലാളികള്‍ക്ക് ഒതുങ്ങി നില്‍ക്കാനാവില്ല. ഇവ പരാജയപ്പെടുന്ന അവസരത്തില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാനും അനുവദിക്കണം. തീരുമാനം പ്രായോഗികമല്ലാത്തതും ഒരു തരത്തിലും നീതീകരിക്കാന്‍ സാധിക്കാത്തതുമാണ്. ഇക്കാര്യം മത്സ്യത്തൊഴിലാളികളെ സന്തോഷിപ്പിക്കുന്നതുമല്ല. ദേശാടനം നടത്തുന്ന മത്സ്യങ്ങളെ പിടിക്കാന്‍ ഉത്തമമായ മാര്‍ഗമാണ് വലകളെങ്കിലും ഇത് മറ്റ് മത്സ്യങ്ങളെ പിടിക്കുന്നതില്‍ പ്രായോഗികമാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമം മത്സ്യത്തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നതെന്ന് നിയമത്തെ പ്രതിരോധിച്ചുകൊണ്ട് മന്ത്രി ഡോ. റാശിദ് അഭിപ്രായപ്പെട്ടു. രാജ്യം മത്സ്യ ബന്ധനം ഉള്‍പെടെ എല്ലാ രംഗത്തും മികച്ച നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് ഭരണ നേതൃത്വം സ്വീകരിക്കുന്നത്. ബോട്ട് ഉള്‍പെടെയുള്ള കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ വായ്പ ലഭ്യമാക്കുന്നുണ്ട്. ആധുനികമായ മത്സ്യബന്ധന മാര്‍ഗങ്ങളും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെ പഠിപ്പിക്കുന്നുണ്ട്. കൂടുതല്‍ മത്സ്യം പിടിച്ച് മികച്ച ജീവിതനിലവാരം മത്സ്യത്തൊഴിലാളി സമൂഹത്തിന് ഉണ്ടാക്കിയെടുക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍ തുടരുമ്പോഴും മത്സ്യ സമ്പത്ത് ഗണ്യമായി കുറയുന്നതാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് പ്രേരണയാവുന്നത്. ഒരു ചതുരശ്ര കിലോമീറ്റര്‍ കടലില്‍ നിന്നു 4,950 കിലോഗ്രാം മത്സ്യമാണ് 1975നും 2011നും ഇടയില്‍ പിടിച്ചത്. എന്നാല്‍ ഇപ്പോഴത് 599 കിലോ മാത്രമായി കുറഞ്ഞിരിക്കയാണ്. ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ 2012ല്‍ യു എ ഇയുടെ സ്ഥാനം 51 ആയിരുന്നെങ്കില്‍ 2014ല്‍ അത് 69 ആയി മേലോട്ട് പോയിരിക്കയാണെന്നും ഡോ. റാശിദ് വിശദീകരിച്ചു.
എഫ് എന്‍ സി നിയോഗിച്ച പഠന സംഘത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമം ആവിഷ്‌ക്കരിച്ചത്. ക്യാബിനറ്റിന്റെ തീരുമാനപ്രകാരമാണ് ഇതിനായി കമ്മിറ്റിയെ നിയോഗിച്ചതും പഠനം നടത്തിയതും. അമിതമായി നടത്തുന്ന മത്സ്യ ചൂഷണം കടല്‍ ജീവികള്‍ക്കും പ്രകൃതിക്കും ഉണ്ടാക്കുന്ന ആഘാതം കുറക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Latest