Connect with us

Gulf

പോലീസ് പരേഡില്‍ താരമായി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്

Published

|

Last Updated

ദുബൈ: 43-ാമത് യു എ ഇ ദേശീയദിനാഘോഷ ഭാഗമായി ദുബൈ പോലീസിന്റെ നേതൃത്വത്തില്‍ നായിഫ് പോലീസ് സ്റ്റേഷന്‍ നടത്തിയ പരേഡില്‍ അണിനിരക്കാന്‍ ഒരേയൊരു സ്വകാര്യവാഹനത്തിനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ്‌നഗര്‍ സ്വദേശി ഇഖ്ബാല്‍ അബ്ദുല്‍ഹമീദിന്റെ അലങ്കരിച്ച മെര്‍സിഡിസ് എ എം ജി 63 രാജകീയവാഹനമായിരുന്നു അത്. പോലീസ് വാഹനങ്ങള്‍ക്ക് തൊട്ട് പിറകില്‍ ഇഖ്ബാലിന്റെ വാഹനവും അതിനു പിറകില്‍ കുട്ടികളും കെ എം സി സി പ്രവര്‍ത്തകരും അണിനിരന്നു.
കഴിഞ്ഞ എട്ടുവര്‍ഷമായി വാഹന അലങ്കാരമത്സരത്തില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ആളാണ് ഇഖ്ബാല്‍. യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് ചരിത്രശകലങ്ങളുടെ പത്രക്കൊളാഷ് കൊണ്ട് രൂപകല്‍പന ചെയ്ത വാഹനം പതിവ് അലങ്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി.
യു എ ഇ തലത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വാഹന അലങ്കാരമത്സരത്തില്‍ അയ്യായിരത്തിലേറെ വാഹനങ്ങളെ പിറകിലാക്കിയായിരുന്നു ഇഖ്ബാലിന്റെ വാഹനം ഒന്നാം സ്ഥാനം നേടിയത്.
വര്‍ഷങ്ങളായി ദുബൈ, ലണ്ടന്‍ എന്നിവിടങ്ങളില്‍ ബിസിനസ് നടത്തുന്ന ഇഖ്ബാല്‍ തന്റെ പോറ്റമ്മയാണ് ഈ രാജ്യമെന്ന് പറയുന്നു. താനടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പോറ്റമ്മയാണ് ഈ രാജ്യം. സ്വദേശികുടുംബത്തില്‍ നിന്നൊരു ജീവിതസഖിയെ ലഭിച്ചത് തനിക്ക് ഈ രാജ്യത്തിന്റെ ഭാഗമാകുവാന്‍ കൂടുതല്‍ കരുത്തേകി. ദുബൈയെ കണ്ട് ലോകം പഠിക്കുമ്പോള്‍ ഈ രാജ്യത്തെ ഭരണാധികാരികളെ ഞാന്‍ അളവറ്റ് സ്‌നേഹിക്കുന്നു. എനിക്ക് ഈ രാജ്യം എന്റേതുകൂടിയാണ് എന്ന വികാരമാണ് ഇത്തരം ആഘോഷങ്ങളില്‍ ഭാഗമാകുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
1993 ല്‍ ദുബൈയിലെത്തിയ ഇഖ്ബാലിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സ്വദേശി വനിതയെ ജീവിതസഖിയാക്കിയതോടെ സംഭവിച്ചത്. യു എ ഇയുടെ എല്ലാ ആഘോഷങ്ങളിലും ഇഖ്ബാല്‍ വേറിട്ടകാഴ്ചകളുമായി പ്രകടനം നടത്തുമ്പോള്‍ അത് മലയാളികളുടെ അഭിമാനപ്രകടനം കൂടിയായി മാറുന്നു.

Latest