Connect with us

Thrissur

സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തില്‍ നാടോടി യുവതി

Published

|

Last Updated

വാടാനപ്പള്ളി: നാടോടികള്‍ മോഷ്ടാക്കളാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാട്ടിന്‍പുറത്ത് സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിലാണ് കോയമ്പത്തൂര്‍ സ്വദേശിനി ലക്ഷ്മി. പഴയ വസ്ത്രത്തിനിടയില്‍ നിന്ന് കിട്ടിയ അഞ്ചര പവന്‍ താലിമാല ഉടമയ്ക്ക് കൈമാറിയാണ് ലക്ഷ്മി സത്യസന്ധതയ്ക്ക് സ്വര്‍ണത്തിളക്കം തീര്‍ത്തത്. അഞ്ചേരി ഓടത്തുപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ലിജിയുടെതായിരുന്നു താലിമാല. മാതാപിതാക്കളും ഭര്‍ത്താവും മരിച്ച ലക്ഷ്മി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളോടൊപ്പം തളിക്കുളം എടശ്ശേരി പടിഞ്ഞാറ് വാടക ഷെഡിലാണ് താമസം. പഴയ വസ്ത്രങ്ങള്‍ വാങ്ങി വില്‍പ്പന നടത്തിയാണ് ജീവിതം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് ലിജിയുടെ വീട്ടിലെത്തിയ ലക്ഷ്മി പഴയ ഷര്‍ട്ടുകള്‍ വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഷര്‍ട്ടിന്റെ കീശയില്‍ താലിമാല കാണാനിടയായത്. ഷര്‍ട്ട് ആരുടെതെന്ന് അറിയാത്തതിനാല്‍ സമീപത്തെ ചായകടക്കാരനായ കരിമ്പാച്ചന്‍ കൃഷ്ണനുമായി വാടാനപ്പള്ളി സ്റ്റേഷനിലെത്തി താലിമാല ഏല്‍പ്പിച്ചു. ഇതിനിടെ മാല നഷ്ടമായതറിഞ്ഞ ലിജി നാടോടികള്‍ താമസിക്കുന്ന ഷെഡുകള്‍ കയറി ഇറങ്ങി. ഒടുവില്‍ ഇടശ്ശേരിയിലെ ഷെഡിലെത്തി. പോലീസ് സ്റ്റേഷനില്‍ മാല ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കൃഷ്ണനും ലക്ഷ്മിയും അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി ആഭരണം ലക്ഷ്മിയില്‍നിന്ന് ഏറ്റുവാങ്ങുകയായിരുന്നു.