വാഹനാപകടത്തില്‍ മൂന്ന് സ്വദേശി യുവതികള്‍ മരിച്ചു

Posted on: November 28, 2014 7:20 pm | Last updated: November 28, 2014 at 7:20 pm

ഫുജൈറ: ഷാര്‍ജയിലും ഫുജൈറയിലുമായി നടന്ന രണ്ട് അപകടങ്ങളില്‍ മൂന്നു സ്വദേശി യുവതികള്‍ മരിച്ചു. കാര്‍ മറിഞ്ഞ് സ്വദേശി സഹോദരിമാരാണ് ഫുജൈറയില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അല്‍ ബത്‌നക്ക് സമീപത്തായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞതാണ് മരണത്തിലേക്ക് നയിച്ചത്. കല്‍ബ സ്വദേശികളായ മൗസയും സലിമ സഈദ് അല്‍ ദര്‍മകിയുമാണ് മരിച്ച സ്വദേശി യുവതികള്‍. ഫുജൈറ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടസ്ഥലത്ത് മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ ഷാര്‍ജ ഹൈവേയില്‍ കാര്‍ മറിഞ്ഞ് സ്വദേശി യുവതി മരിച്ചു. വ്യാഴം വൈകുന്നേരം നാലോടെയാണ് ഷാര്‍ജ-മലീഹാ റോഡില്‍ അപകടം. അപകടത്തെത്തുടര്‍ന്ന് എയര്‍പോര്‍ട് റോഡില്‍ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷം രണ്ട് സഹോദരിമാര്‍ മരിച്ച അതേ സ്ഥലത്താണ് അപകടം.