അനധികൃതമായി സാധനങ്ങള്‍ കയറ്റി വന്ന അഞ്ച് ലോറികള്‍ പിടികൂടി

Posted on: November 28, 2014 12:22 pm | Last updated: November 28, 2014 at 12:22 pm

പാലക്കാട്: ആര്‍ ടി ഒയുടെ കീഴിലുള്ള മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ അനധിക്യതമായി സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്ന അഞ്ച് അന്യസംസ്ഥാന ലോറികള്‍ പിടികൂടി.
കഞ്ചിക്കോട് പതിവ് പരിശോധനക്കിടെ സംശയകരമായി കാണപ്പെട്ട വാഹനങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ തൊഴിലാളികള്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സെയില്‍സ് ടാക്‌സ് ഉദേ്യാഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് പരിശോധിച്ച് സ്റ്റീല്‍ ഫാക്ടറികളുടെ ബില്‍ കണ്ടെത്തുകയും തുടര്‍ന്ന് നടപടികള്‍ എടുക്കുകയുമായിരുന്നു. ആര്‍ ടി ഒ ടി ജെ തോമസ് അറിയിച്ചു. പരിശോധനക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍മാര്‍മാരുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കും. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍, എ എം വിഐ എ കെ ഷെഫിന്‍, ടി പി ഗണേശന്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടാനുള്ള പ്രധാന കാരണം ഇത്തരത്തിലുളള വാഹനങ്ങളായതിനാല്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വാഹനങ്ങളെ സെയില്‍സ് ടാക്‌സ് അധികൃതര്‍ക്ക് കൈമാറി ഇവ കോടതിയില്‍ ഹാജരാക്കുമെന്ന് സെയില്‍സ് ടാക്‌സ് അധികാരികള്‍ അറിയിച്ചു.