പക്ഷിപ്പനി: അതിര്‍ത്തിയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു

Posted on: November 28, 2014 11:02 am | Last updated: November 28, 2014 at 11:02 am

ഗൂഡല്ലൂര്‍: പക്ഷിപ്പനി അതിര്‍ത്തിയില്‍ പ്രതിരോധ പ്രവൃത്തികള്‍ ആരംഭിച്ചു. അയല്‍ സംസ്ഥാനമായ കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നീലഗിരിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നാടുകാണി, പാട്ടവയല്‍, താളൂര്‍, കക്കുണ്ടി, എരുമാട്, നമ്പ്യാര്‍കുന്ന്, ചോലാടി തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ള തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസും, ആരോഗ്യവകുപ്പും ചേര്‍ന്ന് ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് കൃമിനശീകരണ മരുന്നുകള്‍ തെളിക്കുന്നുണ്ട്. വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കടത്തിവിടുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കോഴികളെ കൊണ്ടുപോകുന്നത് തടയുന്നുമുണ്ട്. 24 മണിക്കൂര്‍ സമയവും സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. പക്ഷിപ്പനി തമിഴ്‌നാട്ടിലേക്ക് പടര്‍ന്നുപിടിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ആരോഗ്യവകുപ്പ് എടുത്തിട്ടുണ്ട്. ജില്ലാ കലക്ടര്‍ എല്ലാവരോടും ജാഗ്രതപാലിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കേരളത്തില്‍ പക്ഷിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ആശങ്കയോടെയാണ് ഇപ്പോള്‍ കഴിയുന്നത്.