Connect with us

Kozhikode

സ്‌കാനിംഗിന് മുമ്പ് മരുന്ന് കുത്തിവെച്ച രോഗിയുടെ കൈക്ക് ചലനശേഷി നഷ്ടപ്പെട്ടു

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്‌കാനിംഗിന് മുമ്പ് മരുന്ന് കുത്തിവെച്ച രോഗിയുടെ കൈയുടെ ചലനശേഷി നിലച്ചു. ഗുരുതരാവസ്ഥയിലായ രോഗിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. എലത്തൂര്‍ സ്വദേശിനി മിനി (30)യുടെ ഇടത് കൈയുടെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്.

മൂത്രസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മിനിയെ ഇന്നലെ രാവിലെയാണ് മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സി ടി ആന്റിയോഗ്രാം സ്‌കാനിംഗിന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ സ്‌കാനിംഗിന് മുമ്പായി ഇടത് കൈയില്‍ കുത്തിവെച്ച മരുന്നാണ് പ്രശ്‌നമായത്. മരുന്ന് കയറ്റുന്ന സമയത്ത് ഡോക്ടര്‍മാരെല്ലാം പുറത്തുപോയിരുന്നതായും കയറ്റുന്നതിനിടെ മരുന്ന് തടസ്സപ്പെട്ടിരുന്നെന്നും ഇത് കാരണമാണ് ചലനശേഷി നഷ്ടപ്പെട്ടതെന്നും മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ പിന്നീട് ആരോപിച്ചു.
മരുന്ന് കയറ്റിയ ശേഷം അസഹ്യമായ വേദനയുള്ളതായി ഡോക്ടര്‍മാരാട് പറഞ്ഞെങ്കിലും നാളെ സ്‌കാനിംഗ് എടുക്കുമെന്നും തത്കാലം വീട്ടില്‍ പോകാനുമാണത്രെ മറുപടി കിട്ടിയത്. വീട്ടിലെത്തിയ മിനിക്ക് അസഹ്യമായ വേദനയും കൈ അനക്കാന്‍ കഴിയാത്ത അവസ്ഥയുമായി. തുടര്‍ന്ന് രാത്രിയോടെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. പരിശോധിച്ച ഡോക്ടര്‍ കൈ സ്‌കാന്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ സ്‌കാനിംഗ് വിഭാഗത്തില്‍ ഡോക്ടര്‍മാരില്ലാത്തത് മൂലം മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് സ്‌കാന്‍ ചെയ്തത്. തുടര്‍ന്ന് മിനിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് രാധാകൃഷ്ണന്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.