Connect with us

Kozhikode

സ്റ്റേഡിയം: കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു ഡി എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

Published

|

Last Updated

വടകര: ശൂന്യവേളയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് അംഗം അഡ്വ. ബിജോയ് ലാലിനെ ശൂന്യവേളയില്‍ സംസാരിക്കാന്‍ ചെയര്‍ പേഴ്‌സണ്‍ അനുവദിച്ചില്ലെന്നായിരുന്നു ആക്ഷേപം. അല്‍പ്പ സമയത്തിനകം പ്രതിപക്ഷാംഗങ്ങള്‍ തിരികെ വന്ന് യോഗത്തില്‍ ഹാജരായെങ്കിലും ബിജോയ് ലാല്‍ എത്തിയില്ല. സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഉണ്ടായ ആശങ്കള്‍ പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് അംഗം പി അബ്ദുല്‍ കരീം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാണ് നേരത്തെ വിഭാവനം ചെയ്തതെങ്കിലും ഇന്‍ഡോര്‍ സ്റ്റേഡിയമായി മാറിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കരീം ആവശ്യപ്പെട്ടു. സ്റ്റേഡിയം നിര്‍മാണത്തില്‍ നേരത്തെ കൗണ്‍സിലെടുത്ത തീരുമാന പ്രകാരം മുന്നോട്ടു പോകുമെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
വടകരയിലും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്നത് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നും അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സി പി എം അംഗം കടന്നപ്പള്ളി ബാലകൃഷ്ണന്‍ പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി അധ്യക്ഷത വഹിച്ചു. കെ പി ബാലന്‍, പി സഫിയ, നല്ലാടത്ത് രാഘവന്‍, എ പ്രേമകുമാരി, എം മോഹനന്‍, കെ മിനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Latest