Connect with us

National

ബുദ്ഗാന്‍ വെടിവെപ്പ്: സൈനികര്‍ കുറ്റക്കാര്‍

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബുദ്ഗാമില്‍ രണ്ട് യുവാക്കളുടെ മരണത്തിനും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ വെടിവെപ്പില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ജൂനിയര്‍ കമ്മീഷണര്‍ ഉള്‍പ്പെടെ ഒമ്പത് സൈനികര്‍ കുറ്റക്കാരാണെന്ന് സൈന്യം. കാശ്മീരിലെ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് സൈന്യം നടത്തിയ അന്വേഷണത്തിലാണ് സൈനികര്‍ കുറ്റക്കാരാണെന്ന സൂചന നല്‍കിയത്. നിയമം ലംഘിച്ചുകൊണ്ടാണ് യുവാക്കള്‍ സഞ്ചരിച്ച കാറിനു നേരെ സൈനികര്‍ വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സൈനികരെ സൈനിക കോടതിയില്‍ വിചാരണ ചെയ്യണമെന്നാണ് അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്. സൈനിക കോടതിയില്‍ വിചാരണ നടക്കുകയാണെങ്കില്‍ സൈനികര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സൈന്യം നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നും എത്ര പേര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നോ റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്താണെന്നോ വെളുപ്പെടുത്താനാകില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റ രണ്ട് പേരുടെതുള്‍പ്പെടെയുള്ളവരുടെ മൊഴി എടുത്തിരുന്നു. സൈന്യത്തിന്റെ അവകാശവാദങ്ങള്‍ക്ക് നേര്‍ വിപരീതമാണ് യുവാക്കള്‍ നല്‍കിയ മൊഴി.
ബുദ്ഗാം ജില്ലയിലെ ഛത്തേര്‍ഗാം ഗ്രാമത്തിലുണ്ടായ വെടിവെപ്പിലാണ് ഫൈസല്‍ യൂസുഫ്, മെഹ്‌റാജുദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ചെക്‌പോസ്റ്റില്‍ നിര്‍ത്താനായി മാരുതി കാറിന് കൈകാണിച്ചിട്ടും വകവെക്കാതെ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ “53 രാഷ്ട്രീയ റൈഫിള്‍സ്” ജവാന്മാര്‍ കാറിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് സൈന്യം അവകാശപ്പെട്ടിരുന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടത്. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏല്‍ക്കുന്നതായി വടക്കന്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയ ലഫ്റ്റനന്റ് ജനറല്‍ ഡി എസ് ഹൂഡ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മരിച്ചവരുടെ അടുത്ത ബന്ധുവിന് പത്ത് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പ്രതിരോധ മന്ത്രാലയം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
കാശ്മീര്‍ താഴ്‌വരയില്‍ ഏറെ സംഘര്‍ഷങ്ങള്‍ക്കിടയാക്കിയ മാച്ചില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രണ്ട് ഓഫീസര്‍മാരടക്കം അഞ്ച് സൈനികര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ സൈനിക കോടതി വിധിച്ചതിനു പിന്നാലെയാണ് ബുദ്ഗാം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Latest