ബദായൂമിലെ പെണ്‍കുട്ടുകളുടേത് കൊലപാതകമല്ലെന്ന് സി ബി ഐ

Posted on: November 28, 2014 5:25 am | Last updated: November 27, 2014 at 11:25 pm

cbiന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ബദായൂമില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതിനോ കൊല്ലപ്പെട്ടതിനോ തെളിവില്ലെന്ന് സി ബി ഐ. കഴിഞ്ഞ മെയിലാണ് ബന്ധുക്കളായ ഇവരെ കത്രാ ഗ്രാമത്തിലെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന് സി ബി ഐ നേരത്തെ തീരുമാനിച്ചിരുന്നു. പപ്പു, അവദേശ്, ഉര്‍വേഷ് യാദവ് എന്നീ സഹോദരന്‍മാരെയും കോണ്‍സ്റ്റിബള്‍മാരായ ഛത്രപാല്‍ യാദവ്, സര്‍വേശ് യാദവ് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മരണത്തിന് മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായതിനോ കൊല്ലപ്പെട്ടതിനോ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. ബദായൂന്‍ കോടതിയില്‍ സി ബി ഐ ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സംശയാസ്പദമാണെന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി എന്‍ എ ഫിംഗര്‍പ്രിന്റിംഗ് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സി(സി ഡി എഫ് ഡി)ന്റെ സഹായം സി ബി ഐ തേടിയിരുന്നു. ലൈംഗിക പീഡനം സി ഡി എഫ് ഡി നിഷേധിച്ചിട്ടുണ്ട്. പീഡനത്തെ സംബന്ധിച്ച നിരവധി സംശയങ്ങള്‍ സി ഡി എഫ് ഡി തീര്‍ത്തുവെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. യുവതികളുടെ മാതാപിതാക്കള്‍ നല്‍കിയ മൊഴികളിലും വൈരുധ്യമുണ്ട്.
അറസ്റ്റിലായവരെ നുണപരിശോധനക്ക് വിധേയരാക്കിയിരുന്നു. 14ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികളെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇവരെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയെന്നായിരുന്നു വാര്‍ത്തകള്‍. ഈ സംഭവത്തെ മുന്‍നിര്‍ത്തി യു പിയിലെ ക്രമസമാധാന നില പാടെ തകര്‍ന്നുവെന്ന് പ്രചാരണമുണ്ടായി. ദേശീയതലത്തില്‍ തന്നെ വലി പ്രതിഷേധമാണുണ്ടായത്. ജൂണിലാണ് സി ബി ഐ കേസ് ഏറ്റെടുത്തത്.