അദാനി ഗ്രൂപ്പിന് എസ് ബി ഐ വായ്പ: രാജ്യസഭയില്‍ ബഹളം

Posted on: November 28, 2014 5:21 am | Last updated: November 27, 2014 at 11:23 pm

adani groupന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് എസ് ബി ഐ നൂറ് കോടി ഡോളര്‍ വായ്പ അനുവദിച്ച നടപടിയെ ചൊല്ലി രാജ്യസഭയില്‍ ബഹളം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദെറക് ഒബ്രീന്‍ ആണ് ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചത്. ഇത് കോര്‍പറേറ്റ് മുതലാളിത്തത്തെ താലോലിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ പദ്ധതിക്ക് അഞ്ച് അന്താരാഷ്ട്ര ബേങ്കുകള്‍ വായ്പ നിഷേധിച്ചിട്ടും എസ് ബി ഐ വന്‍ തുക വായ്പ നല്‍കാന്‍ ധാരണാപത്രം ഒപ്പിട്ടിരിക്കുകയാണെന്ന് ഒബ്രീന്‍ ചൂണ്ടിക്കാട്ടി. സിറ്റി ബേങ്ക്, ദ്യൂഷെ ബേങ്ക്, റോയല്‍ ബേങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡ്, എച്ച് എസ് ബി സി, ബാര്‍ക്ലേയ്‌സ് തുടങ്ങിയവയാണ് അദാനിയുടെ ആസ്‌ത്രേലിയയിലെ കല്‍ക്കരി ഖനന പദ്ധതിക്ക് വായ്പ നല്‍കില്ലെന്ന് അറിയിച്ചത്. കല്‍ക്കരി വില അമ്പത് ശതമാനം കുറഞ്ഞതും പ്രകൃതി പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ ബേങ്കുകള്‍ വായ്പ നിഷേധിച്ചത്. അന്താരാഷ്ട്ര ബേങ്കുകള്‍ കൈമലര്‍ത്തിയിട്ടും എന്ത് ധൈര്യത്തിലാണ് എസ് ബി ഐ വായ്പ നല്‍കാന്‍ മുതിര്‍ന്നതെന്ന് എം പി ചോദിച്ചു.
രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ കല്‍ക്കരി ഇറക്കുമതി അവസാനിക്കുമെന്നും, അദാനിയുടെ ആസ്‌ത്രേലിയയിലെ പദ്ധതി പ്രകാരം മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമെന്നും കല്‍ക്കരി മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. മോദിയുടെ ആസ്‌ത്രേലിയന്‍ സന്ദര്‍ശനത്തിനിടെ ആ മാന്യന്‍ എല്ലാ ദിവസവും പ്രധാനമന്ത്രിയുടെ കൂടെയുണ്ടായിരുന്നെന്ന് ഗൗതം അദാനിയുടെ പേര് പറയാതെ ഒബ്രീന്‍ ചൂണ്ടിക്കാട്ടി.
പ്രാതല്‍ കഴിക്കുന്ന വേളയിലെ ചര്‍ച്ചയിലാണ് എസ് ബി ഐ ലോണ്‍ അനുവദിച്ചത്. ഇതില്‍ പ്രധാനമന്ത്രിയും അദാനിയും എസ് ബി ഐ ചെയര്‍മാനും സന്നിഹിതരായിരുന്നു. മോദിയുടെ അമേരിക്ക, ജപ്പാന്‍, ആസ്‌ത്രേലിയ സന്ദര്‍ശനങ്ങളിലെല്ലാം അദാനി വ്യവസായ പ്രതിനിധിയായിരുന്നു. ഇത് അത്ര സുഖകരമല്ലെന്നും ഒബ്രീന്‍ പറഞ്ഞു. വ്യവസായ സൗഹൃദമായി സര്‍ക്കാര്‍ പെരുമാറുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പക്ഷെ ക്രോണി മുതലാളിത്തത്തെ താങ്ങുന്നത് ഭൂഷണമല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസ്‌ത്രേലിയയിലേക്ക് പോയ മോദിയുടെ പ്രതിനിധി സംഘത്തില്‍ 20 പേരുണ്ടായിരുന്നെന്നും ഇടപാട് നിരോധിച്ച ക്വത്‌റോച്ചിയല്ല അദാനിയെന്നും പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനിടെ അദാനിയുടെ ഓഹരികളില്‍ 85 ശതമാനം വളര്‍ച്ചയുണ്ടായത് ചൂണ്ടിക്കാട്ടി ഒബ്രീന്‍ ഇതിന് ചുട്ട മറുപടി നല്‍കി. ഈ വിഷയത്തെ ഇടത്, കോണ്‍ഗ്രസ്, എസ് പി അംഗങ്ങള്‍ പിന്തുണച്ചു. ഒരു കോര്‍പറേറ്റിന് എസ് ബി ഐ വായ്പ അനുവദിച്ചത് ഉന്നയിക്കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും നായിഡു പറഞ്ഞു.