മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം; പോലീസുകാര്‍ കുറ്റക്കാരെന്ന് കോടതി

Posted on: November 28, 2014 5:12 am | Last updated: November 27, 2014 at 11:13 pm

court-hammerകൊല്ലം: മോഷ്ടാവെന്ന് കരുതി പോലീസ് കസ്റ്റഡിയിലെടുത്ത നിരപരാധിയായ യുവാവ് സ്റ്റേഷനില്‍ മര്‍ദനമേറ്റ് മരിച്ച കേസില്‍ രണ്ട് പോലീസുകാര്‍ കുറ്റക്കാരാണെന്ന് കോടതി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തൃക്കടവൂര്‍ കോട്ടയ്ക്കം മഠത്തില്‍ പുത്തന്‍വീട്ടില്‍ എസ് ജയകുമാര്‍ (47), ഇരവിപുരം ആക്കോലില്‍ താന്നോലില്‍ വീട്ടില്‍ എം വേണുഗോപാല്‍ (48) എന്നിവരെയാണ് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. 2005 ല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കാടാംകുളം രാജ് നിവാസില്‍ രാജേന്ദ്രന്‍ (37) കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദനമേറ്റ് മരിച്ച കേസിലാണ് കോടതി വിധി. കൊലപാതകം, തെറ്റായ കുറ്റസമ്മതം നടത്താന്‍ അന്യായമായി തടഞ്ഞു വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി ജഡ്ജി കെ എസ് ശരത്ചന്ദ്രന്‍ വിധിച്ചത്.
2005 ഏപ്രില്‍ ആറിന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാജേന്ദ്രന്‍ സ്റ്റേഷനില്‍വെച്ച് ക്രൂരമായ മര്‍ദനത്തിനിരയായതിനെ തുടര്‍ന്നാണ് മരിച്ചത്. 2014 ആഗസ്റ്റ് ഒന്നിന് ആരംഭിച്ച കേസിന്റെ തെളിവെടുപ്പ് നവംബര്‍ ഏഴിനാണ് അവസാനിച്ചത്. കേസിലെ 60 സാക്ഷികളില്‍ പ്രോസിക്യൂഷന്‍ 37 സാക്ഷികളെ വിസ്തരിച്ചു. റവന്യൂ ഡിവിഷനല്‍ ഓഫീസിലെ സൂപ്രണ്ടിനെ അധിക സാക്ഷിയായി വിസ്തരിച്ചു. കേസിലെ സാക്ഷികളില്‍ 34 പേര്‍ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ച 38 സാക്ഷികളില്‍ അഞ്ച് പേര്‍ കൂറുമാറി. അഡീ. എസ് ഐ ആയിരുന്ന സുഗതന്‍, പോലീസുകാരനായ രാജന്‍, പോലീസുകാരനായിരുന്ന രാജു, സ്വതന്ത്രസാക്ഷികളായ ഷംസുദ്ദീന്‍, ബിജോയ് എന്നിവരാണ് കൂറുമാറിയത്. കേസിന്റെ കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത് ക്രൈം ബ്രാഞ്ച് എസ് പി ജോര്‍ജ് വര്‍ഗീസാണ.് പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡറും പബ്ലിക്‌പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍ അജിത് കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍ ജയചന്ദ്രന്‍, അഡ്വ. ശരണ്യ പി കോടതിയില്‍ ഹാജരായി.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ വിധി പ്രസ്താവിക്കുന്നത് കേള്‍ക്കാന്‍ കോടതി വരാന്തയില്‍ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.