Connect with us

International

ഫെര്‍ഗൂസനില്‍ സ്ഥിതി ശാന്തമാകുന്നു; ലണ്ടനില്‍ യു എസ് എംബസിക്ക് മുമ്പില്‍ പ്രതിഷേധം

Published

|

Last Updated

ഫെര്‍ഗൂസന്‍: കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തിയ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടതിലുള്ള പ്രതിഷേധം അമേരിക്കയില്‍ കെട്ടടങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം രൂക്ഷമായ ഫെര്‍ഗൂസനില്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാണ്. മിസൂറിയില്‍ നിന്നും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തണുത്ത കാലാവസ്ഥ കാരണം കൂടുതല്‍ ആളുകളും വീടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടി. അതേസമയം, ഓക്‌ലാന്‍ഡിലെ കാലിഫോര്‍ണിയ നഗരത്തിലും ലോസ് അഞ്ചല്‍സിലും സാന്‍ ഡീഗോയിലും നൂറു കണക്കിന് പേര്‍ പ്രതിഷേധ പ്രകടനം നടത്തി. ഫെര്‍ഗൂസന് ഐക്യദാര്‍ഢ്യം എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുമ്പില്‍ നിരവധി പേര്‍ റാലി നടത്തി. 2011ല്‍ ലണ്ടനില്‍ പോലീസ് വെടിവെച്ചുകൊന്ന മാര്‍ക്ക് ഡഗ്ഗന്റെ കുടുംബാംഗങ്ങളും ഈ റാലിയില്‍ പങ്കെടുത്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ലണ്ടനില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്.
കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് 18കാരനായ മൈക്കല്‍ ബ്രൗണിനെ ഡാരന്‍ വില്‍സണ്‍ എന്ന വെള്ളക്കാരനായ പോലീസുകാരന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വെടിവെച്ചു കൊന്നത്. അന്ന് തന്നെ നിരവധി പ്രതിഷേധങ്ങള്‍ ഫെര്‍ഗൂസനില്‍ അരങ്ങേറിയിരുന്നു. ഇതിന് ശേഷമാണ്, കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റക്കാരനാക്കേണ്ടെന്ന ജൂറി തീരുമാനത്തെ തുടര്‍ന്ന് വീണ്ടും പ്രക്ഷോഭം ശക്തമായത്. ഫെര്‍ഗൂസനില്‍ ഭൂരിപക്ഷവും കറുത്ത വര്‍ഗക്കാരാണെങ്കിലും ഇവിടുത്തെ അധികാരവും മറ്റും ഇപ്പോഴും വെളുത്തവര്‍ഗക്കാരുടെ കൈവശമാണ്.
2012ല്‍, ഫ്‌ളോറിഡയില്‍ 17 കാരനും കറുത്തവര്‍ഗക്കാരനുമായ ത്രാവ്യോണ്‍ മാര്‍ട്ടിന്‍ എന്ന കുട്ടിയും കൊല്ലപ്പെട്ടിരുന്നു.